സൂപ്പർ കപ്പ് പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ
Wednesday, January 10, 2024 1:10 AM IST
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് കളത്തിൽ.
ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഐ ലീഗ് സംഘമായ ഷില്ലോംഗ് ലാജോംഗാണ്. ഗ്രൂപ്പ് ബിയിൽ നടക്കുന്ന ബ്ലാസ്റ്റേഴ്സ് x ലാജോംഗ് പോരാട്ടം ഉച്ചകഴിഞ്ഞ് രണ്ടിനാണ്. ഗ്രൂപ്പ് ബിയിൽ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും ജംഷഡ്പുർ എഫ്സിയും കൊന്പുകോർക്കും.
ഐ ലീഗ് സീസണിൽ 11 മത്സരങ്ങളിൽ അഞ്ച് ജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 19 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഷില്ലോംഗ് ലാജോംഗ്. ഐഎസ്എല്ലിൽ 12 മത്സരങ്ങളിൽ എട്ട് ജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമായി 26 പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്സ് ഒന്നാമതുള്ളത്.
ജീക്സണ് തിരിച്ചെത്തി
സൂപ്പർ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ജീക്സണ് സിംഗ് ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഐഎസ്എൽ സീസണിന്റെ തുടക്കത്തിൽ പരിക്കേറ്റ ജീക്സണ് വിശ്രമത്തിലായിരുന്നു. ജീക്സണ് സിംഗിന്റെ മടങ്ങിവരവ് ടൂർണമെന്റാണ് സൂപ്പർ കപ്പ്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഫ്രെഡ്ഡിയും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ, ഫ്രെഡ്ഡി സൂപ്പർ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സംഘത്തിൽ ഇല്ല.
ദിമിത്രിയോസ് ഡയമാന്റകോസ്, ഖ്വാമെ പെപ്ര, ഡൈസുകെ സകായ്, മാർക്കൊ ലെസ്കോവിച്ച്, മിലോസ് ഡ്രിൻസിച്ച്, പ്രീതം കോട്ടാൽ, പ്രബീർ ദാസ്, റൂയിവ ഹോർമിപാം, വിപിൻ മോഹനൻ, ഡാനിഷ് ഫറൂഖ്, ജീക്സണ് സിംഗ്, കെ.പി. രാഹുൽ, നിഹാൽ സുധീഷ്, സച്ചിൻ സുരേഷ്, സന്ദീപ് സിംഗ് തുടങ്ങിയ എല്ലാ മുൻനിരതാരങ്ങളെയും ഉൾപ്പെടുത്തിയാണ് സൂപ്പർ കപ്പിനുള്ള ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ പ്രഖ്യാപിച്ചത്.