വാർണർ മടങ്ങി...
Saturday, January 6, 2024 11:37 PM IST
സിഡ്നി: രാജ്യാന്തര ക്രിക്കറ്റിൽ ഓപ്പണർ എന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റിക്കാർഡുമായി ഓസീസ് ബാറ്റർ ഡേവിഡ് വാർണർ വിരമിച്ചു. പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് വാർണർ നേരത്തേ അറിയിച്ചിരുന്നു.
പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിൽ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി ഓസ്ട്രേലിയ ഡേവിഡ് വാർണറിന് സന്തോഷകരമായ യാത്രയയപ്പ് നൽകി. പിങ്ക് ടെസ്റ്റിലെ ഈ ജയത്തോടെ മൂന്ന് മത്സര പരന്പര ഓസീസ് 3-0ന് തൂത്തുവാരി. സ്കോർ: പാക്കിസ്ഥാൻ 313, 115. ഓസ്ട്രേലിയ 299, 130/2.
രാജ്യാന്തര ക്രിക്കറ്റിലെ തന്റെ അവസാന ഇന്നിംഗ്സിൽ 75 പന്തിൽ 57 റണ്‍സുമായാണ് വാർണർ മടങ്ങിയത്. 112 ടെസ്റ്റിൽനിന്ന് 26 സെഞ്ചുറിയുടെയും 37 അർധസെഞ്ചുറിയുടെയും അകന്പടിയോടെ 8786 റണ്‍സുമായാണ് വാർണർ രാജ്യാന്തര കരിയർ അവസാനിപ്പിച്ചത്.
സ്വന്തം ഗ്രൗണ്ടിൽ കുടുംബാംഗങ്ങളെയും തിങ്ങിനിറഞ്ഞ കാണികളെയും സാക്ഷിനിർത്തിയാണ് 112 ടെസ്റ്റുകൾ നീളുന്ന കരിയർ വാർണർ 37-ാമത്തെ വയസിൽ അവസാനിപ്പിച്ചത്. 2011ൽ ന്യൂസിലൻഡിനെതിരേ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച വാർണർ പുറത്താകാതെ നേടിയ 335 റണ്‍സാണ് ഉയർന്ന സ്കോർ. നാലു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
2015, 2023 ഐസിസി ഏകദിന ലോകകപ്പ്, 2021 ഐസിസി ട്വന്റി-20 ലോകകപ്പ്, 2023 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് എന്നീ നേട്ടങ്ങളുമായാണ് 15 വർഷം നീണ്ട രാജ്യാന്തര കരിയർ വാർണർ അവസാനിപ്പിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽ ഓപ്പണർ എന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള താരമാണ് വാർണർ. ഓപ്പണർ എന്ന നിലയിൽ 49 സെഞ്ചുറി വാർണറിനുണ്ട്. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറാണ് (45) രണ്ടാമത്.