പതറാതെ രാഹുൽ
Wednesday, December 27, 2023 12:21 AM IST
സെഞ്ചൂറിയൻ: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം വെളിച്ചക്കുറവുമൂലം കളി നേരത്തെ നിർത്തി.
ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദ നിറഞ്ഞാടിയ മത്സരത്തിൽ കെ.എൽ. രാഹുലിന്റെ അർധ സെഞ്ചുറി ബലത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 208 റണ്‍സെടുത്തു. റബാദയുടെ ബൗളിംഗ് മികവിനു മുൻപിൽ ഇന്ത്യൻ നിര അന്പേ പരാജയപ്പെട്ടു. അഞ്ച് വിക്കറ്റാണ് റബാദ നേടിയത്. 59 ഓവർ മാത്രമാണ് ആദ്യദിനം എറിയാനായത്. ഇന്ത്യയുടെ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.
കെ.എൽ. രാഹുലും (105 പന്തിൽ 70 റണ്‍സ്), റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് സിറാജുമാണ് ക്രീസിൽ. ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയിലായിരുന്നു. 24 റണ്സിലെത്തിപ്പോൾ മൂന്ന് മുൻനിര വിക്കറ്റുകൾ വീണു. ഇതിനുശേഷം വിരാട് കോഹ്ലി (64 പന്തിൽ 38 റണ്‍സ്), ശ്രേയസ് അയ്യർ (50 പന്തിൽ 31) സഖ്യം നേടിയ 68 റണ്‍സാണ് ഇന്ത്യയെ വൻ വൻതകർച്ചയിൽനിന്ന് അല്പമെങ്കിലും രക്ഷിച്ചത്.
ഇവരുടെ പുറത്താകലിനുശേഷം രാഹുൽ ഇന്ത്യയെ നയിക്കുകയായിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് രാഹുൽ നടത്തിയ ചെറുത്തുനില്പ്പാണ്് ഇന്ത്യയെ 200 റണ്‍സ് കടത്തി. ഏഴാം വിക്കറ്റിൽ ശാർദൂൽ ഠാക്കൂറിനൊപ്പം (33 പന്തിൽനിന്ന് 24) 43 റൺസിന്റെയും എട്ടാം വിക്കറ്റിൽ ജസ്പ്രീത് ബുംറയുമായി (19 പന്തിൽ 1) ചേർന്ന് 27 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കി. നാന്ദ്രേ ബർഗറിനാണ് രണ്ട് വിക്കറ്റ്.