സെമി സ്റ്റൈൽ
Sunday, November 12, 2023 1:44 AM IST
മുംബൈ: ട്വിസ്റ്റിനായി കാത്തിരുന്നവർക്കു നിരാശ. ഐസിസി പുരുഷ ഏകദിന 2023 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ കൊന്പുകോർക്കും.
ഇന്നലെ നടന്ന അവസാന ലീഗ് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ വൻ മാർജിനിൽ കീഴടക്കി പാക്കിസ്ഥാൻ സെമിയിലെത്തുമെന്ന വിദൂര പ്രതീക്ഷ ടോസ് ഇട്ടപ്പോൾതന്നെ അവസാനിച്ചു. 287 റണ്‍സിന് അല്ലെങ്കിൽ 3.4 ഓവറിൽ 150 എടുത്ത് ജയിച്ചാൽ മാത്രമേ പാക്കിസ്ഥാന് സെമി സാധ്യത ഉണ്ടായിരുന്നുള്ളൂ. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തതോടെ ഈ ലോകകപ്പിന്റെ സെമി ഫൈനൽ ചിത്രം വ്യക്തമായി.
ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ വ്യാഴാഴ്ച രണ്ടാം സെമി അരങ്ങേറും.
ഇന്ത്യ-ന്യൂസിലൻഡ്
ഈ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ടീമാണ് ആതിഥേയരായ ഇന്ത്യ. ലീഗ് റൗണ്ടിൽ ഇന്ന് അവസാന മത്സരത്തിനായി നെതർലൻഡ്സിനെതിരേ ഇന്ത്യ ഇറങ്ങുന്പോൾ തുടർച്ചയായ ഒന്‍പതാം ജയമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബറിൽ 2023 ഏഷ്യാകപ്പും ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയും സ്വന്തമാക്കിയശേഷമാണ് ടീം ഇന്ത്യ ലോകകപ്പ് പോരാട്ടത്തിനെത്തിയത്. ലോകകപ്പിനു മുന്നോടിയായി ഷെഡ്യൂൾ ചെയ്ത രണ്ടു സന്നാഹമത്സരവും മഴയെത്തുടർന്ന് ഇന്ത്യക്ക് നഷ്ടപ്പെട്ടു. എന്നാൽ, ഓസ്ട്രേലിയയെ 66 റണ്‍സിനു കീഴടക്കി ഇന്ത്യ ലോകകപ്പ് പോരാട്ടത്തിനു തുടക്കം കുറിച്ചു. 97 റണ്‍സുമായി പുറത്താകാതെനിന്ന കെ.എൽ. രാഹുലായിരുന്നു ഓസീസിനെതിരേ ഇന്ത്യയുടെ വിജയശിൽപ്പി.
തുടർന്ന് അഫ്ഗാനിസ്ഥാൻ (എട്ടു വിക്കറ്റ്), പാക്കിസ്ഥാൻ (ഏഴു വിക്കറ്റ്), ബംഗ്ലാദേശ് (ഏഴു വിക്കറ്റ്), ന്യൂസിലൻഡ് (നാലു വിക്കറ്റ്), ഇംഗ്ലണ്ട് (100 റണ്‍സ്), ശ്രീലങ്ക (302 റണ്‍സ്), ദക്ഷിണാഫ്രിക്ക (243 റണ്‍സ്) ടീമുകളെയും ഇന്ത്യ നിലംപരിശാക്കി. ആധികാരിക ജയത്തോടെ ലീഗ് ചാന്പ്യന്‍മാരായാണ് സെമിയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ്.
കിരീടവഴിയിൽ ഇന്ത്യക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ന്യൂസിലൻഡ് എന്നായിരുന്നു ലോകകപ്പിന്റെ തുടക്കത്തിലെ നിരീക്ഷണം. ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിനു കീഴടക്കിയ ന്യൂസിലൻഡിന്റെ തകർപ്പൻ തുടക്കംതന്നെ കാരണം.
തുടർന്ന്, നെതർലൻഡ്സ് (99 റണ്‍സ്), ബംഗ്ലാദേശ് (എട്ടു വിക്കറ്റ്), അഫ്ഗാനിസ്ഥാൻ (149 റണ്‍സ്) ടീമുകളെ ന്യൂസിലൻഡ് കീഴടക്കി. ഒക്ടോബർ 22ന് ഇന്ത്യക്കെതിരേ ഇറങ്ങിയതോടെ കിവീസിന്റെ കഷ്ടകാലം തുടങ്ങി.
തുടർച്ചയായ നാലു ജയത്തിനുശേഷം അഞ്ചാം മത്സരത്തിൽ ഇന്ത്യയോട് നാലു വിക്കറ്റ് തോൽവി. ഓസ്ട്രേലിയ (അഞ്ചു റണ്‍സ്), ദക്ഷിണാഫ്രിക്ക (190 റണ്‍സ്), പാക്കിസ്ഥാൻ (21 റണ്‍സ്) ടീമുകളോടും പരാജയപ്പെട്ടു. തുടർച്ചയായ നാലു ജയത്തിനുശേഷമുള്ള, നാലു തോൽവികളോടെ ന്യൂസിലൻഡിന്റെ സെമി ഫൈനൽ പ്രവേശം തുലാസിലായി.
ഒടുവിൽ അവസാന ലീഗ് മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിനു കീഴടക്കി സെമി ഫൈനലിലേക്ക്.
നേർക്കുനേർ
(ഏകദിന ലോകകപ്പിൽ)
ആകെ മത്സരം: 10
ഇന്ത്യ ജയം: 04
ന്യൂസിലൻഡ് ജയം: 05
ഫലമില്ല: 01
ഇന്ത്യ ഉയർന്ന സ്കോർ: 274
ന്യൂസിലൻഡ് ഉയർന്ന സ്കോർ: 273
ഇന്ത്യ കുറഞ്ഞ സ്കോർ: 150
ന്യൂസിലൻഡ് കുറഞ്ഞ സ്കോർ: 146
ഓസീസ്-പ്രോട്ടീസ്
ഐസിസി ലോകകപ്പ് ക്രിക്കറ്റിൽ ഇതുവരെ ഫൈനലിൽ പ്രവേശിച്ചിട്ടില്ല എന്ന നിർഭാഗ്യ റിക്കാർഡ് തിരുത്താൻ ദക്ഷിണാഫ്രിക്കയ്ക്കു സാധിക്കുമോ? പ്രോട്ടീസ് ആരാധകര്‍ കാത്തിരിക്കുകയാണ്. ഏകദിന ലോകകപ്പിൽ ഇത് അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തുന്നത്. ഓസ്ട്രേലിയയ്ക്കെതിരേ സെമിയിൽ ഏറ്റുമുട്ടുന്നതു മൂന്നാം തവണയും.
1999 സെമിയിൽ ഇരുടീമും നേർക്കുനേർ വന്നപ്പോഴായിരുന്നു ദക്ഷിണാഫ്രിക്കയുടെ നിർഭാഗ്യം ക്രിക്കറ്റ് ലോകം ശരിക്കു കണ്ടത്. 214 റണ്‍സ് ലക്ഷ്യത്തിനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 213ന് പുറത്തായി മത്സരം സമനിലയിൽ. സൂപ്പർ സിക്സിൽ ദക്ഷിണാഫ്രിക്കയേക്കാൾ മുന്നിലായിരുന്ന ഓസ്ട്രേലിയ ഫൈനലിലേക്കു മുന്നേറി. 2007 സെമിയിൽ 149നു പുറത്തായി ഏഴു വിക്കറ്റിന്റെ ദയനീയ തോൽവി.
2023 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നെതർലൻഡ്സിനോടും (38 റണ്‍സ്) ഇന്ത്യയോടും (243 റണ്‍സ്) തോൽവി വഴങ്ങിയതൊഴിച്ചാൽ മറ്റൊരു ടീമിനു മുന്നിലും പ്രോട്ടീസ് തല താഴ്ത്തിയില്ല. ശ്രീലങ്ക (102 റണ്‍സ്), ഓസ്ട്രേലിയ (134 റണ്‍സ്), ഇംഗ്ലണ്ട് (229 റണ്‍സ്), ബംഗ്ലാദേശ് (149 റണ്‍സ്), പാക്കിസ്ഥാൻ (ഒരു വിക്കറ്റ്), ന്യൂസിലൻഡ് (190 റണ്‍സ്), അഫ്ഗാനിസ്ഥാൻ (അഞ്ചു വിക്കറ്റ്) ടീമുകൾക്കെതിരേ ജയം സ്വന്തമാക്കിയാണു ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശം.
അതേസമയം, ആദ്യ രണ്ടു മത്സരവും പരാജയപ്പെട്ട് പോയിന്റ് പട്ടികയുടെ പിന്നിലായശേഷമാണ് ഓസ്ട്രേലിയ സെമിയിലേക്കു കുതിച്ചെത്തിയത്; അതും തുടർച്ചയായ ഏഴു ജയങ്ങളോടെ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ലീഗ് റൗണ്ടിൽ 134 റണ്‍സിന്റെ ദയനീയ തോൽവി വഴങ്ങിയ ഓസ്ട്രേലിയ, ഇന്ത്യയോട് ആറു വിക്കറ്റിനും പരാജയപ്പെട്ടു. തുടർന്ന് ശ്രീലങ്ക (അഞ്ചു വിക്കറ്റ്), പാക്കിസ്ഥാൻ (62 റണ്‍സ്), നെതർലൻഡ്സ് (309 റണ്‍സ്), ന്യൂസിലൻഡ് (അഞ്ചു റണ്‍സ്), ഇംഗ്ലണ്ട് (33 റണ്‍സ്), അഫ്ഗാനിസ്ഥാൻ (മൂന്നു വിക്കറ്റ്), ബംഗ്ലാദേശ് (എട്ടു വിക്കറ്റ്) ടീമുകൾക്കെതിരേ ജയത്തിലൂടെ സെമിയിൽ.
അഫ്ഗാനിസ്ഥാനെതിരേ ഇരട്ട സെഞ്ചുറിയിലൂടെ ടീമിനെ ഒറ്റയ്ക്കു ജയത്തിലെത്തിച്ച ഗ്ലെൻ മാക്സ്വെൽ ചരിത്രത്താളുകളിൽ ഇടംപിടിച്ചെന്നതും ശ്രദ്ധേയം.
നേർക്കുനേർ
(ഏകദിന ലോകകപ്പിൽ)
ആകെ മത്സരം: 07
ഓസീസ് ജയം: 03
ദക്ഷിണാഫ്രിക്ക ജയം: 03
ടൈ: 01
ഓസീസ് ഉയർന്ന സ്കോർ: 377
ദക്ഷിണാഫ്രിക്ക ഉയർന്ന സ്കോർ: 325
ഓസീസ് കുറഞ്ഞ സ്കോർ: 153
ദക്ഷിണാഫ്രിക്ക കുറഞ്ഞ സ്കോർ: 149