സുവർണ സജൻ
Monday, October 30, 2023 12:53 AM IST
പനാജി: 37-ാമത് ദേശീയ ഗെയിംസിന്റെ നാലാം ദിനമായ ഇന്നലെ കേരളത്തിന് ഒരു സ്വർണവും മൂന്ന് വെള്ളിയും. നീന്തലിൽ കേരളത്തിനായി സാജന് പ്രകാശ് ഒരു സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കി. പെന്ങ്കാക്ക് സിലാട്ട്, ഭാരോദ്വഹനം എന്നീ ഇനങ്ങളിൽ ഒരോ വെള്ളിയും ഇന്നലെ കേരള അക്കൗണ്ടിൽ എത്തി. അത്ലറ്റിക്സിന്റെ ആദ്യദിനമായ ഇന്നലെ 100 മീറ്റര്‍ അടക്കം ആറ് ഫൈനലുകള്‍ നടന്നെങ്കിലും കേരളത്തിന് ഒരു മെഡൽ പോലും നേടാൻ സാധിച്ചില്ല.
വനിതകളുടെ 85+ ഭാരോദ്വഹനത്തിൽ എം.ടി. ആന്മരിയ കേരളത്തിനായി വെള്ളി സ്വന്തമാക്കി. തൃശൂര്‍ നടുത്തറ മൈനാര്‍ റോഡ് സ്വദേശിയാണ്. പെന്ങ്കാക്ക് സിലാട്ടില് 85-100 കിലോ വിഭാഗത്തില്‍ എം.എസ്. ആതിര കേരളത്തിനായി ഇന്നലെ മറ്റൊരു വെള്ളി നേട്ടം സ്വന്തമാക്കിയത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ഒന്നാംവര്‍ഷ സുവോളജി വിദ്യാര്‍ഥിനിയാണ്.
മൂന്ന് സ്വര്‍ണം, എട്ട് വെള്ളി, മുന്ന് വെങ്കലം എന്നിങ്ങനെ 14 മെഡലുമായി കേരളം 13-ാം സ്ഥാനത്താണ്. 41 സ്വര്‍ണവും 28 വെള്ളിയും 29 വെങ്കലവുമുള്‍പ്പെടെ 98 മെഡലുകളുമായി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് തുടരുന്നു. തമിഴ്നാടിന്റെ ഇലക്കിയ ദാസനും (10.36 സെക്കൻഡ്) വനിതകളിൽ കർണാടകയുടെ എസ്.എസ്. സ്നേഹയും (11.45 സെക്കൻഡ്) 100 മീറ്റർ സ്വർണം സ്വന്തമാക്കി മീറ്റിലെ അതിവേഗക്കാരായി.