പാലക്കാടന്‍ ജനതാ ഗാരേജ്
Saturday, October 21, 2023 2:12 AM IST
കുന്നംകുളം: ഹാമർ ത്രോയിൽ സ്വർണം ഉത്പാദിപ്പിക്കുന്ന ഒരു ക്ലബ്ബുണ്ട്, അങ്ങു പാലക്കാടൻ ഗ്രാമമായ നടുവട്ടത്ത്. അവിടുത്തെ ആലയിൽ പഴുപ്പിച്ചെടുത്ത കാരിരുന്പിനാണ് ജൂണിയർ ഗേൾസ് ഹാമറിൽ ഇത്തവണത്തെ സ്വർണം.
45.52 മീറ്റർ എറിഞ്ഞാണു ജനത ക്ലബ്ബിലെ പല്ലവി സന്തോഷ് ഹാമർ താരമായത്. പാലക്കാട് പനമണ്ണ എഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ്.
ദിവസവും നാലു മണിക്കൂർ വീതം എട്ടുമാസത്തെ തുടർച്ചയായ പരിശീലനത്തിലൂടെയാണു ആദ്യമായി പങ്കെടുത്ത സംസ്ഥാന മത്സരത്തിൽ പല്ലവി സ്വർണം നേടിയത്. അത്ലറ്റിക് പരിശീലകനായ സൈനുദീന്റെ നേതൃത്വത്തിലാണു പല്ലവിയും മറ്റു സ്പോർട്സ് തത്പരരായ കുറച്ചു കുട്ടികളും ചേർന്നു നാലുമാസം മുന്‍പ് നടുവട്ടത്ത് ജനത ക്ലബ് തുടങ്ങിയത്. അത്ലറ്റിക് പരിശീലനമായിരുന്നു ലക്ഷ്യം.
ക്ലബ്ബിനു പരിശീലനത്തിനായി പ്രത്യേകം സ്ഥലമില്ലെങ്കിലും കിലോമീറ്ററുകൾക്കപ്പുറത്തെ ചാത്തന്നൂർ, ഇരിന്പിളിയം എന്നിവിടങ്ങളിലെ സിന്തറ്റിക്, സാദാ ഗ്രൗണ്ടുകളിലായിരുന്നു പരിശീലനം. ജില്ലയിൽ 45.05 മീറ്റർ എറിഞ്ഞ പല്ലവിയുടെ ബെസ്റ്റ് സംസ്ഥാന മീറ്റിലേതാണ്. തരുവക്കോണം കയറാട്ട് ഹൗസിൽ സന്തോഷിന്റെയും പിഎസ് സി കോച്ചിംഗ് ടീച്ചറായ ഗീതയുടെയും മകളാണ്.