ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് അട്ടിമറിച്ചു
Wednesday, October 18, 2023 1:58 AM IST
ധരംശാല: 2023 ലോകകപ്പില്‍ മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ അട്ടിമറി. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന് ചരിത്ര ജയം സ്വന്തമാക്കിയതിനു പിന്നാലെ നെതര്‍ലന്‍ഡ്സും ചരിത്രം കുറിച്ചു.
ശക്തരായ ദക്ഷിണാഫ്രിക്കയെ 38 റണ്‍സിനാണ് നെതര്‍ലന്‍ഡ്സ് കീഴടക്കിയത്. ജയിക്കാന്‍ 246 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. ഈ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന്റെ ആദ്യ ജയമാണ്.
മഴമൂലം മത്സരം വൈകി തുടങ്ങിയതിനാൽ 43 ഓവറായി ചുരുക്കുകയായിരുന്നു. 27 ഓവറിൽ ആറു വിക്കറ്റിന് 112 എന്ന നിലയിൽനിന്ന് നെതർലൻഡ്സിനെ അവസാന ഓവറുകളിൽ തകർത്തടിച്ച ക്യാപറ്റൻ സ്കോട് എഡ്വേർഡ്സും (78 നോട്ടൗട്ട്) പിന്നെ വാലറ്റക്കാരും ചേർന്നാണ് 43 ഓവറിൽ എട്ടു വിക്കറ്റിന് 245 റൺസിലെത്തിച്ചത്. അവസാന ഒന്‍പത് ഓവറിൽ 105 റണ്‍സാണ് നെതർലൻഡ്സ് നേടിയത്.
രണ്ടു മുന്‍നിര വിക്കറ്റുകള്‍ പിഴുത വാന്‍ ഡെര്‍ മെര്‍വാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. നാലിന് 44 എന്ന നിലയില്‍നിന്ന പ്രോട്ടീസിനെ ഹെൻറിച്ച് ക്ലാസനും മില്ലറും ചേര്‍ന്ന് കരകയറ്റുമെന്നു കരുതി. ക്ലാസനെ (28) പുറത്താക്കി വാന്‍ ബീക്ക് കൂട്ടുകെട്ട് പൊളിച്ച് മത്സരം നെതര്‍ലന്‍ഡ്സിന് അനുകൂലമാക്കി.
കേശവ് മഹാരാജും (40) എന്‍ഗിഡിയും ചേര്‍ന്നുള്ള ചെറുത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 200 കടത്തിയത്. 43 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ടോപ് സ്കോറര്‍.
ലോഗന് വാന്‍ ബീക്ക് മൂന്നും റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വ്, ബാസ് ഡി ലീഡ്, പോള്‍ വാന്‍ മീക്കറെന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.