അഫ്ഗാൻ ട്രെഞ്ച് ; ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചു
Monday, October 16, 2023 12:54 AM IST
ന്യൂഡൽഹി: അഫ്ഗാൻ ട്രെഞ്ചിൽ അകപ്പെട്ട് ഇംഗ്ലീഷ് ക്രിക്കറ്റ് പോരാളികളുടെ രക്തംവാർന്നു. 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ വന്പൻ അട്ടിമറിയിലൂടെ ഇംഗ്ലണ്ടിനെതിരേ അഫ്ഗാനിസ്ഥാന് ആദ്യ ജയം. 69 റൺസിനാണ് അഫ്ഗാനിസ്ഥാൻ വെന്നിക്കൊടി പാറിച്ചത്. 285 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 40.3 ഓവറിൽ 215ന് എല്ലാവരും പുറത്തായി. ഏകദിന ലോകകപ്പിൽ അഫ്ഗാന്റെ രണ്ടാ മത്തെ ജയമാണ്. മൂന്നു വിക്കറ്റ് വീതം വീഴ്്ത്തിയ മുജീബ് ഉർ റഹ്മാനും റഷീദ് ഖാനും രണ്ടു വിക്കറ്റ് നേടിയ മുഹമ്മദ് നബിയുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മുജീബ് ഉർ റഹ്മാനാണ് കളിയിലെ താരം.
അഫ്ഗാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ ( 57 പന്തിൽ 80) വെടിക്കെട്ട് ബാറ്റിംഗിനു കടിഞ്ഞാണിടാൻ ഇംഗ്ലീഷ് ബൗളർമാർ പണിപ്പെട്ടു. എന്നാൽ, ഗുർബാസ് പുറത്തായതിനു പിന്നാലെ മധ്യനിര കളിമറന്നു. എങ്കിലും ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ (284) പടുത്തുയർത്താൻ അഫ്ഗാനു സാധിച്ചു. 2019 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരേ നേടിയ 288 റണ്‍സാണ് ഒന്നാമത്.
ഓപ്പണിംഗ് വിക്കറ്റിൽ ഗുർബാസ് തകർത്തടിക്കുകയും ഇബ്രാഹിം സദ്രാൻ മികച്ച പിന്തുണ നൽകുകയും ചെയ്തതോടെ 114 റണ്‍സാണ് അഫ്ഗാൻ നേടിയത്. 48 പന്തിൽ 28 റണ്‍സെടുത്ത സദ്രാനെ മടക്കി ആദിൽ റഷീദ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിറകെ റഹ്മത്ത് ഷായും (3) റഷീദിന് മുന്നിൽ വീണു.
ഇക്രാം അലിഖിലിന്റെ രക്ഷാപ്രവർത്തനം ടീമിനെ മികച്ച സ്കോറിലെത്തിച്ചു. 66 പന്തിൽ നിന്ന് 58 റണ്‍സുമായി ഇക്രാം മികവ് കാണിച്ചതോടെ അഫ്ഗാൻ സ്കോർ 250 കടന്നു. റഷീദ് ഖാനും (23), മുജീബ് ഉൽ റഹ്മാനും (28) ഇക്രാമിന് ഉറച്ച പിന്തുണ നൽകിയതോടെ സ്കോർ 284ൽ എത്തി.
സ്കോർബോർഡിൽ മൂന്നു റണ്‍സുള്ളപ്പോൾ ഇംഗ്ലണ്ടിന് ഓപ്പണർ ജോണി ബെയർസ്്റ്റോയെ (2) ഫസാൽഖ് ഫറൂഖി വിക്കറ്റിനു മുന്നിൽ കുരുക്കി. ജോ റൂട്ടിനും (11) ക്രീസിൽ അധിക നേരം നിൽക്കാനായില്ല. സ്കോർ 68ലെത്തിയപ്പോൾ ഡേവിഡ് മലാനെയും (32) നഷ്ടമായതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. പിന്നീട് ഹാരി ബ്രൂക്കിലും ക്യാപ്റ്റൻ ജോസ് ബട്ലറിലുമായിരുന്നു പ്രതീക്ഷകൾ. എന്നാൽ ഈ സഖ്യം 23 റണ്‍സ് ചേർത്തശേഷം പിരിഞ്ഞു. ബട്ലറെ (9) നവീൻ ക്ലീൻബൗൾഡാക്കി. ലിയാം ലിവിംഗ്സ്റ്റണും (10) പുറത്തായതോടെ അഫ്ഗാനികൾ മത്സരത്തിൽ പിടിമുറുക്കി. ഹാരി ബ്രൂക്ക് (66) അർധ സെഞ്ചുറി കടന്ന് ഇംഗ്ലണ്ടിന് പ്രതീക്ഷകൾ നൽകിയെങ്കിലും ജയം അകലെയായിരുന്നു.
സ്കോർ
അഫ്ഗാൻ: 284 (49.5)
റഹ്മാനുള്ള
ഗുർബാസ് 80(57)
ഇക്രാം അലിഖിൽ 58 (66)
മുജീബ് ഉർ റഹ്മാൻ 28(16)
ആദിൽ റഷീദ് 3/42
മാർക്ക് വുഡ് 2/50
ഇംഗ്ലണ്ട് 215 (40.3)
ഹാരി ബ്രൂക്ക് 66(61)
ഡേവിഡ് മലാൻ 32(39)
റഷീദ് ഖാൻ 3/37
മുജീബ് ഉർ റഹ്മാൻ 3/51
മുഹമ്മദ് നബി 2/16