24 കാരറ്റ് ഐഫോണ്‍ കണ്ടുകിട്ടുന്നവർ അറിയിക്കുക
Monday, October 16, 2023 12:54 AM IST
അഹമ്മദാബാദ്: ഇന്ത്യ x പാക്കിസ്ഥാൻ ഐസിസി ഏകദിന ലോകകപ്പ് പോരാട്ടം തീപാറിച്ചപ്പോൾ ആരാധകർ ആവേശത്തിൽ ആറാടി.
പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് ഇന്ത്യ തകർത്തെറിഞ്ഞതിന്റെ ആവേശം ഇന്ത്യൻ ആരാധകരുടെ സിരകളിൽ ഇതുവരെ അടങ്ങിയിട്ടില്ല. എന്നാൽ, ഇന്ത്യയുടെ മിന്നും ജയത്തിനു പിന്നാലെ ഒരു ഐഫോണ്‍ നഷ്ടത്തിന്റെ വാർത്തയും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽനിന്നെത്തി.
ബോളിവുഡ് നടി ഉർവശി റൗട്ടേലയുടെ 24 കാരറ്റ് റിയൽ ഗോൾഡ് ഐഫോണാണ് നഷ്ടപ്പെട്ടത്. തന്റെ ഐഫോണ്‍ കണ്ടെത്താൻ നടി സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർഥിച്ചു. 14ന് ഡേ-നൈറ്റ് ആയായിരുന്നു ഇന്ത്യ x പാക് പോരാട്ടം. 15ന് പുലർച്ചെ ഒരു മണിക്ക് അഹമ്മദാബാദ് പോലീസിൽ നൽകിയ പരാതിയുടെ പകർപ്പും ഉർവശി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഉർവശിയും 2018ൽ പ്രണയത്തിലായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടായിരുന്നു. ഇരുവരും ഉത്തരാഖണ്ഡ് സ്വദേശികളാണ്.