ലോകകപ്പ്: അഫ്ഗാനെ തകര്‍ത്ത് ഇന്ത്യ
Thursday, October 12, 2023 2:14 AM IST
ന്യൂഡൽഹി: രോഹിത് ശർമയും സംഘവും അഫ്ഗാനിസ്ഥാനെ അടിച്ച് തൂഫാനാക്കി! ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ രണ്ടാം മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തകർത്തുവിട്ടു. ഓസ്ട്രേലിയയ്ക്കെതിരേ ആറ് വിക്കറ്റ് ജയം നേടിയ ഇന്ത്യയുടെ രണ്ടാം ജയം.
സെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമയും (131), അർധസെഞ്ചുറിയുമായി സൂപ്പർ താരം വിരാട് കോഹ്ലിയും (55*) മികച്ച പിന്തുണയുമായി ഇഷാൻ കിഷൻ (47), ശ്രേയസ് അയ്യർ (25*) എന്നിവരും അണിനിരന്നപ്പോൾ അഫ്ഗാനിസ്ഥാന്റെ ഉത്തരം മുട്ടി.
സച്ചിൻ തെണ്ടുൽക്കർ, കപിൽ ദേവ്, ക്രിസ് ഗെയ്ൽ തുടങ്ങിയവരുടെയെല്ലാം റിക്കാർഡുകൾ കടപുഴക്കിയായിരുന്നു ഇന്ത്യയെ ജയത്തിലെത്തിച്ച രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ്. സ്കോർ: അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 272/8. ഇന്ത്യ 35 ഓവറിൽ 273/2. 90 പന്ത് ബാക്കിനിൽക്കേയാണ് ഇന്ത്യയുടെ ആധികാരിക ജയം.
അഫ്ഗാൻ പോരാട്ടം
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്റെ പോരാട്ടം ഇന്ത്യൻ ബൗളർമാരെയും ആരാധകരെയും മടുപ്പിക്കുന്നതായിരുന്നു. 13.1 ഓവറിൽ 63 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാനുവേണ്ടി മധ്യനിരയിൽ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയും (80) അസ്മത്തുള്ള ഒമർസായിയും (62) പോരാട്ടം നയിച്ചു. നാലാം വിക്കറ്റിൽ ഇവർ 128 പന്തിൽ 121 റണ്‍സ് നേടി. ഹാർദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അതോടെ അഫ്ഗാന്റെ ചെറുത്തുനിൽപ്പ് അവസാനിച്ചു.
ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബുംറ നാലും ഹാർദിക് പാണ്ഡ്യ രണ്ടും വിക്കറ്റ് സ്വന്തമാക്കി. ഒന്‍പത് ഓവറിൽ 70 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിനാണ് ഇന്ത്യൻ ബൗളിംഗിൽ ഏറ്റവും പ്രഹരമേറ്റത്.
സൂപ്പർ ഹിറ്റ് മാൻ
മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാനെ തല്ലിത്തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രോഹിത് ശർമ ക്രീസിലെത്തിയത്. ആക്രമിച്ചുകളിച്ച രോഹിത് ശർമ നേരിട്ട 30-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. 11.5 ഓവറിൽ ഇന്ത്യൻ ഇന്നിംഗ്സ് 100 കടന്നു. നേരിട്ട 63-ാം പന്തിൽ സിംഗിളിലൂടെ രോഹിത് സെഞ്ചുറി തികച്ചു.
ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമയുടെ 31-ാം സെഞ്ചുറി. 18.4 ഓവറിൽ 156 റണ്‍സ് നേടിയശേഷമാണ് രോഹിത്-ഇഷാൻ കിഷൻ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞത്. 47 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 47 റണ്‍സ് നേടിയ ഇഷാൻ കിഷനെ റാഷിദ് ഖാൻ പുറത്താക്കുകയായിരുന്നു. 84 പന്തിൽ അഞ്ച് സിക്സും 16 ഫോറുമടക്കം 131 റണ്‍സുമായി രോഹിത് ശർമ റാഷിദ് ഖാനു മുന്നിൽ ബൗൾഡായി.
56 പന്തിൽ 55 റണ്‍സുമായി കോഹ്ലിയും 23 പന്തിൽ 25 റണ്‍സുമായി ശ്രേയസ് അയ്യറും പുറത്താകാതെനിന്ന് ഇന്ത്യയെ ജയത്തിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ കോഹ്ലി-അയ്യർ കൂട്ടുകെട്ട് 56 പന്തിൽ അഭേദ്യമായ 68 റണ്‍സ് നേടി.
രോഹിത് തകര്‍ത്തെറിഞ്ഞ റിക്കാർഡുകൾ
☛ ഐസിസി ഏകദിന ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറി എന്ന റിക്കാർഡ് രോഹിതിനു സ്വന്തം. 1983ൽ 72 പന്തിൽ കപിൽ ദേവ് സിംബാബ്വെയ്ക്കെതിരേ നേടിയ റിക്കാർഡ് 63 പന്തിൽ സെഞ്ചുറി തികച്ച് രോഹിത് മറികടന്നു, തകർന്നത് 40 വർഷം പഴക്കമുള്ള റിക്കാർഡ്.
☛ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന സച്ചിൻ തെണ്ടുൽക്കറിന്റെ (6) റിക്കാർഡ് രോഹിത് തിരുത്തി. ലോകകപ്പ് ചരിത്രത്തിൽ രോഹിത്തിന്റെ ഏഴാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്.
☛ ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന മൂന്നാമത് ക്യാപ്റ്റനായി രോഹിത്. കപിൽ ദേവ് (1983), സൗരവ് ഗാംഗുലി (2003) എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
ഗിൽ തിരിച്ചെത്തും

ന്യൂഡൽഹി: ഡെങ്കിപ്പനിയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് മാറിനിൽക്കേണ്ടിവന്ന ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗിൽ ടീമിനൊപ്പം അടുത്ത ദിവസം ചേരും. ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ 14ന് പാക്കിസ്ഥാനെതിരായ മത്സരത്തിനു മുന്‍പ് ഇന്ത്യൻ ടീമിനൊപ്പം ഗിൽ ചേരുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. അഹമ്മദാബാദിലാണ് ഇന്ത്യ x പാക് പോരാട്ടം. ടീമിനൊപ്പം ചേരുമെങ്കിലും ഗിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ കളിക്കുമോ എന്നതിൽ സ്ഥിരീകരണമില്ല.
☛ ചേസിംഗിൽ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് രോഹിത്തിന്റെ 131. 1996ൽ സച്ചിൻ തെണ്ടുൽക്കർ നേടിയ 127 നോട്ടൗട്ട് ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
☛ ലോകകപ്പ് ക്രിക്കറ്റിൽ അതിവേഗം 1000 റണ്‍സ് എന്ന നേട്ടത്തിലും രോഹിത് ശർമയെത്തി. ഇന്ത്യക്കായി ലോകകപ്പിൽ 1000 റണ്‍സ് തികയ്ക്കുന്ന നാലാമനാണ് രോഹിത്. സച്ചിൻ, സൗരവ് ഗാംഗുലി, വിരാട് കോഹ്ലി എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
☛ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ റിക്കാർഡും (553) രോഹിത് ശർമ (555*) ഇന്നലെ തിരുത്തി.
സ്കോർബോർഡ്
അഫ്ഗാനിസ്ഥാൻ: 272/8 (50)
ഹഷ്മത്തുള്ള ഷാഹിദി: 80 (88)
അസ്മത്തുള്ള ഒമർസായ്: 62 (69)
ജസ്പ്രീത് ബുംറ: 39/4
ഹാര്‍ദിക് പാണ്ഡ്യ: 43/2
ഇന്ത്യ: 273/2 (35)
രോഹിത് ശർമ: 131 (84)
വിരാട് കോഹ്ലി: 55* (56)
റാഷിദ് ഖാൻ: 57/2