ബദ്ധവൈരികൾ ലോകവേദിയില്‍
Sunday, October 8, 2023 12:53 AM IST
ചെന്നൈ: സമീപകാലങ്ങളിൽ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടമെന്നത് ബദ്ധവൈരികളുടെ ഏറ്റുമുട്ടലാണ്. മികച്ച പോരാട്ടങ്ങൾ, അതിശയിപ്പിക്കുന്ന വ്യക്തിഗത പ്രകടനങ്ങൾ.
1992ൽ കൗമാരക്കാരനായ സച്ചിൻ തെണ്ടുൽക്കറിന്റെ സെഞ്ചുറിയിൽ തുടങ്ങി, വി.വി.എസ്. ലക്ഷ്മണിന്റെ ഈഡനിലെ 281, രാഹുൽ ദ്രാവിഡിന്റെ 180 എന്നിങ്ങനെ വ്യക്തിഗത പ്രകടനങ്ങളുടെ നിരതന്നെയുണ്ട്.
സച്ചിന്റെ പാരന്പര്യം പിന്തുടരുന്ന വിരാട് കോഹ്ലി ഇന്ത്യൻ ലോകകപ്പ് ടീമിന്റെ ഭാഗമാണ്. സച്ചിന്റെ പാതയിലൂടെ നടന്നുനീങ്ങുന്ന കോഹ്ലി, 16 സെഞ്ചുറികൾ ഓസ്ട്രേലിയയ്ക്കെതിരേ മാത്രം നേടിക്കഴിഞ്ഞു; സച്ചിനേക്കാൾ ഏഴെണ്ണം കൂടുതൽ. രോഹിത് ശർമയും കെ.എൽ. രാഹുലുമൊന്നും ഓസ്ട്രേലിയയ്ക്കെതിരേ ഒട്ടും മോശമാക്കാറില്ല.
ലോകകപ്പിലെ ഓസ്ട്രേലിയയുടെ പ്രകടനങ്ങൾ ഇന്ത്യയേക്കാൾ ഒരു പണത്തൂക്കം മുന്നിലാണ്. എന്നാൽ, സമീപകാല പ്രകടനങ്ങളുടെ കണക്കെടുത്താൽ ഇന്ത്യക്കു മുൻതൂക്കമുണ്ട്. ഇന്ത്യ ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായി ലോകകപ്പിനിറങ്ങുന്പോൾ, അവസാനം കളിച്ച ആറിൽ അഞ്ച് ഏകദിനങ്ങളും പരാജയപ്പെട്ടാണ് ഓസീസിന്റെ വരവ്. ഈ ഫോമിൽ, സ്വന്തം നാട്ടിൽ കളിക്കുന്ന ഇന്ത്യക്കെതിരേ വിജയിക്കണമെങ്കിൽ ഓസ്ട്രേലിയ അസാധാരണ പ്രകടനങ്ങൾ പുറത്തെടുക്കേണ്ടിവരും.
മഴയൊഴിഞ്ഞ്
കഴിഞ്ഞ ദിവസം ചെന്നൈ നഗരത്തിൽ മഴ പെയ്തിരുന്നു. എന്നാൽ, ഇന്ന് മഴയ്ക്കുള്ള സാധ്യത വിരളമാണെന്നാണു കാലാവസ്ഥാ പ്രവചനം. കനത്ത മഴയല്ലെങ്കിൽ മികച്ച ഡ്രെയിനേജ് സൗകര്യമുള്ള ചെപ്പോക്ക് സ്റ്റേഡിയത്തിൽ കളി നടത്താൻ തടസമുണ്ടാകില്ല.
ടോസ് ലഭിക്കുന്നവർ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണു സാധ്യത. കാലവർഷത്തിൽ സന്നാഹമത്സരങ്ങൾ മുടങ്ങിയതിനാൽ ലോകകപ്പിൽ അതിഥിതാരമായി മഴ കളിക്കുമോ എന്നു കാത്തിരുന്നു കാണാം.
പിച്ചും ടേണും
ചെന്നൈ: സ്പിന്നിന് പിന്തുണ നൽകുന്നതാണ് ചെപ്പോക്കിലെ പിച്ച്. മത്സരം പുരോഗമിക്കുംതോറും പിച്ചിന്റെ വേഗം കുറയും, സ്പിന്നർമാർക്ക് ഗ്രിപ്പും ടേണും ലഭിക്കും. ഔട്ട്ഫീൽഡിനു കാര്യമായ വലിപ്പമില്ല. എന്നാൽ, മറ്റ് ഇന്ത്യൻ ഗ്രൗണ്ടുകളേക്കാൾ അൽപ്പം വലിപ്പം കൂടിയതാണ്.
സ്പിന്നർമാരെ കണ്ണുംപൂട്ടി അടിക്കാനാകില്ല. അവസാനം ഇവിടെ നടന്ന ഏകദിനത്തിൽ ഇന്ത്യയുടെ മൂന്ന് സ്പിന്നർമാർ ചേർന്ന് 28 ഓവറിൽ 147 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് നേടി. എന്നാൽ, മറുപടി ബാറ്റിംഗിൽ ഇന്ത്യക്കും കാലിടറി. 20 ഓവറിൽ 86 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകളാണ് ഓസീസ് സ്പിന്നർമാർ പിഴുതത്.
ചെന്നൈയിൽ കറുത്ത പിച്ചും ചുവന്ന പിച്ചുമുണ്ട്. ഇന്ന് കറുത്ത പിച്ചിലാണ് മത്സരം നടക്കുന്നത്. മണ്ണിന്റെ നിറം പിച്ചിന്റെ സ്വഭാവത്തിന്റെ നേർസൂചനയല്ലെങ്കിലും, ഇന്ത്യയിലെ കറുത്ത പിച്ചുകൾ ചുവന്ന പിച്ചുകളേക്കാൾ വേഗം കുറഞ്ഞവയാണ്.
ഗാലറി ഹൗസ്ഫുൾ
ഇന്ത്യ-ഓസ്ട്രേലിയ മത്സരം ഉൾപ്പെടെ ഇന്ത്യയുടെ മത്സരങ്ങളുടെയെല്ലാം ടിക്കറ്റുകൾ നേരത്തേതന്നെ വിറ്റുതീർന്നു. ലോകകപ്പ് ആരംഭിച്ചതോടെ ഇന്ത്യയുടെ ടിക്കറ്റുകൾ സ്വന്തമാക്കിയവർ പലരും ഇതു കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നുമുണ്ട്. മറ്റു ടീമുകളുടെ മത്സരം കാണാനുളള ടിക്കറ്റുകൾ ഇനിയും ശേഷിക്കുന്നുണ്ട്. 500 രൂപ മുതൽ 25,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.