ഇടിവെട്ട് ഇന്ത്യ
Thursday, October 5, 2023 1:39 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ. 2018ൽ ജക്കാർത്തയിൽ കുറിച്ച 70 മെഡൽ എന്ന റിക്കാർഡ് പിന്നിട്ട ഇന്ത്യ ഇന്നലെ കളംവിട്ടത് 81 മെഡൽ നേട്ടവുമായി.
മൂന്നു സ്വർണം, അഞ്ച് വെള്ളി, നാലു വെങ്കലം എന്നിങ്ങനെ 12 മെഡലാണ് ഇന്നലെ ഇന്ത്യ ഹാങ്ഝൗവിൽ സ്വന്തമാക്കിയത്. അന്പെയ്ത്ത് മിക്സഡ് ടീം കോന്പൗണ്ടിലൂടെയായിരുന്നു ഇന്നലത്തെ ആദ്യ സ്വർണം. ജ്യോതി സുരേഖ വെന്നം, ഓജസ് പ്രവീണ് എന്നിവരായിരുന്നു ഇന്ത്യക്കായി സ്വർണം എയ്തു നേടിയത്.
നീരാജ്യം
പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര സ്വർണത്തിൽ മുത്തമിട്ടു. 2018 ജക്കാർത്തയിലും സ്വർണം നേടിയ നീരജിലൂടെ ഇന്ത്യ പ്രതീക്ഷിച്ച തങ്കമെഡലിനു മാറ്റമുണ്ടായില്ല. 82.38 മീറ്റർ എറിഞ്ഞു തുടങ്ങിയ നീരജ്, നാലാം ശ്രമത്തിൽ 88.88 മീറ്റർ ദൂരേക്ക് ജാവലിൻ പായിച്ചാണ് സ്വർണത്തിൽ മുത്തമിട്ടത്. 82.38, 84.49, xx, 88.88, 80.80, xx എന്നതായിരുന്നു ഹാങ്ഝൗവിൽ നീരജ് ചോപ്രയുടെ പ്രകടനം.
ജെന്ന സ്റ്റൈൽ
ജാവലിൻ ത്രോയിൽ നീരജിനു പിന്നിൽ ഫിനിഷ് ചെയ്ത് ഇന്ത്യയുടെ കിഷോർ ജെന്ന വെള്ളിയണിഞ്ഞു. നാലാം ശ്രമത്തിലായിരുന്നു വെള്ളിക്കുള്ള ഏറ് ജെന്ന നടത്തിയത്. 87.54 മീറ്ററായിരുന്നു ജെന്നയുടെ പ്രകടനം. പാക്കിസ്ഥാന്റെ മുഹമ്മദ് യാസിൽ 78.13 മീറ്ററുമായി വെങ്കലത്തിലെത്തി.
ഇന്ത്യൻ താരങ്ങൾ ഒഴികെ മറ്റാരും 80 മീറ്റർ ക്ലിയർ ചെയ്തില്ല എന്നതും ശ്രദ്ധേയം. ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും നേടുന്നത്. വനിതാ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിയും സ്വർണം നേടിയിരുന്നു.
മലയാളി സ്വർണം
പുരുഷ വിഭാഗം 4 x 400 മീറ്റർ റിലേയിലൂടെയായിരുന്നു ഇന്നലെ ഇന്ത്യൻ അക്കൗണ്ടിൽ മറ്റൊരു സ്വർണമെത്തിയത്. 3:01.58 സെക്കൻഡിൽ ഇന്ത്യ ഫിനിഷ് ചെയ്തു. മൂന്നു മലയാളി താരങ്ങളായിരുന്നു ട്രാക്കിൽ ഇറങ്ങിയത്.
മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ എന്നിവരായിരുന്നു ടീമിലെ മലയാളി സാന്നിധ്യം. ഇവർക്കൊപ്പം രാജേഷ് രമേശും ചേർന്നതായിരുന്നു ഇന്ത്യൻ ടീം. 3:02.05 സെക്കൻഡുമായി ഖത്തറും 3:02.55 സെക്കൻഡുമായി ശ്രീലങ്കയും വെള്ളിയും വെങ്കലവും സ്വന്തമാക്കി.
സാബ്ലെ ഡബിൾ
പുരുഷ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ സ്വർണം നേടിയ അവിനാഷ് സാബ്ലെ ഇന്നലെ 5000 മീറ്റർ ഓട്ടത്തിൽ വെള്ളി സ്വന്തമാക്കി. 13:21.09 സെക്കൻഡിലാണ് അവിനാഷ് ഫിനിഷിംഗ് ലൈൻ കടന്നത്. ഗെയിംസ് റിക്കാർഡോടെ ബെഹ്റിന്റെ ബിർഹാനു (13:17.40) സ്വർണം സ്വന്തമാക്കി.
വനിതാ 800 മീറ്ററിലും 4 x 400 മീറ്ററിലും ഇന്ത്യക്ക് വെള്ളി ലഭിച്ചു. ഹമിലൻ ബയ്നസാണ് (2:03.75) ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. ശ്രീലങ്കയുടെ തരുഷി ദിലേസരയ്ക്കാണ് (2:03.20) സ്വർണം. വനിതാ റിലേയിൽ വിദ്യ രാംരാജ്, ഐശ്വര്യ കൈലാഷ്, പ്രാഞ്ചി, ശുഭ വെങ്കടേശൻ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് വെള്ളി നേടിയത്. 3:27.85 സെക്കൻഡിൽ ഇന്ത്യ ഫിനിഷിംഗ് ലൈൻ കടന്നു. ഗെയിംസ് റിക്കാർഡോടെ (3:27.65) ബെഹ്റിൻ സ്വർണത്തിലെത്തി.
മികസഡ് ടീം 35 കിലോമീറ്റർ റെയ്സ് വാക്കിൽ ഇന്ത്യയുടെ രാം ബാബു, മഞ്ജു റാണി സഖ്യം വെങ്കലം സ്വന്തമാക്കി. അത്ലറ്റിക്സിലെ ഏക വെങ്കലമായിരുന്നു അത്.