ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽവേട്ടയുമായി ഇന്ത്യ
Tuesday, October 3, 2023 11:45 PM IST
ഹാങ്ഝൗ: 100 മെഡൽ എന്ന സ്വപ്നവുമായി 19-ാം ഏഷ്യൻ ഗെയിംസിന് ഹാങ്ഝൗവിൽ എത്തിയ ഇന്ത്യൻ സംഘം ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി തിളങ്ങുന്നു.
15 ദിനങ്ങളുള്ള ഹാങ്ഝൗ ഏഷ്യൻ ഗെയിംസ് 10 ദിവസം പിന്നിട്ടപ്പോൾ ഇന്ത്യൻ അക്കൗണ്ടിൽ എത്തിയത് 69 മെഡൽ. 69 നോട്ടൗട്ടുമായി ഇന്നു മെഡൽ വേട്ട തുടരാനായി ഇന്ത്യൻ താരങ്ങൾ ഏഷ്യൻ ഗെയിംസ് വേദിയിലെത്തുന്പോൾ ചരിത്രം വഴിമാറുമെന്ന് ഉറപ്പ്.
കാരണം, ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഒരു എഡിഷനിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയത് 2018ൽ ജക്കാർത്തയിലാണ്. 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവുമായി 70 മെഡലായിരുന്നു അന്നു നേടിയത്.
ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ ഇന്നലെവരെ 15 സ്വർണം, 26 വെള്ളി, 28 വെങ്കലം എന്നിങ്ങനെ 69 മെഡലാണ് ഇന്ത്യ കൈക്കലാക്കിയത്.
ഇത് ചരിത്രം
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഒരു എഡിഷനിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ മെഡൽ എന്ന റിക്കാർഡ് ഇന്നു കുറിക്കപ്പെടും.
ആദ്യ പത്തു ദിവസത്തിനുള്ളിൽ ഏഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ ഇന്ത്യ നേടിയതും ഇത്തവണയാണ്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ആദ്യ 10 ദിവസം പിന്നിട്ടപ്പോൾ 10 സ്വർണം 18 വെള്ളി 23 വെങ്കലം എന്നിങ്ങനെ 51 മെഡൽ മാത്രമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്.
ഹാങ്ഝൗവിൽ ഇന്നുൾപ്പെടെ അഞ്ചു പോരാട്ട ദിനങ്ങൾ ശേഷിക്കേ 100 മെഡൽ എന്ന സ്വപ്നം സഫലമാകട്ടെയെന്ന ആശംസയാണു കായികപ്രേമികൾക്കുള്ളത്...
ഏഷ്യൻ ഗെയിംസ്
റാങ്ക്, ടീം, സ്വർണം, വെള്ളി, വെങ്കലം, ആകെ
1. ചൈന 161 90 46 297
2. ജപ്പാൻ 33 47 50 130
3. കൊറിയ 32 42 65 139
4. ഇന്ത്യ 15 26 28 69
5. ഉസ്ബക്കിസ്ഥാൻ 14 15 21 50
6. തായ്ലൻഡ് 12 10 18 40