ഏഷ്യൻ ഗെയിംസ് സ്വർണത്തോടെ രോഹൻ ബൊപ്പണ്ണ പടിയിറങ്ങി
Sunday, October 1, 2023 12:43 AM IST
ഹാങ്ഝൗ: രോഹൻ ബൊപ്പണ്ണ എന്ന ഇന്ത്യൻ ടെന്നീസ് താരത്തിന്റെ ചില വിരമിക്കലുകൾക്ക് സാക്ഷ്യം വഹിച്ച് സെപ്റ്റംബർ കടന്നു പോയി. സെപ്റ്റംബർ ആദ്യവാരം യുഎസ് ഓപ്പണ്‍ പുരുഷ ഡബിൾസ് റണ്ണറപ്പായി സലാം പറഞ്ഞു.
ഓപ്പണ്‍ കാലഘട്ടത്തിൽ പുരുഷ ഡബിൾസ് ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായമുള്ള താരം എന്ന റിക്കാർഡ് കുറിച്ചായിരുന്നു നാൽപ്പത്തിമൂന്നുകാരനായ ബൊപ്പണ്ണ 2023 യുഎസ് ഓപ്പണിനോട് സലാം പറഞ്ഞത്.
ആഴ്ചകൾക്കുശേഷം ഡേവിസ് കപ്പിൽനിന്നും ബൊപ്പണ്ണ കോർട്ട് ഒഴിഞ്ഞു. സെപ്റ്റംബർ 30ന് 19-ാം ഏഷ്യൻ ഗെയിംസ് മിക്സഡ് ഡബിൾസ് സ്വർണത്തോടെ ബൊപ്പണ്ണ മറ്റൊരു പ്രഖ്യാപനവും നടത്തി. ഇനിയൊരു ഏഷ്യൻ ഗെയിംസിന് ഇല്ലെന്നതായിരുന്നു ബൊപ്പണ്ണയുടെ പ്രഖ്യാപനം. ഇനിയുള്ള ഏറ്റവും വലിയ ലക്ഷ്യം 2024 പാരീസ് ഒളിന്പിക്സാണെന്നും ബൊപ്പണ്ണ മനസ് തുറന്നു.
ചരിത്രത്തിലെ മൂന്നാം സ്വർണം
ഏഷ്യൻ ഗെയിംസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണ് രോഹൻ ബൊപ്പണ്ണ-റുതുജ ഭോസ്ലെ സഖ്യം സ്വന്തമാക്കിയത്. ചൈനീസ് തായ്പേയിയുടെ ലിയാങ് എൻ ഷുവൊ-ഹ്വാങ് സങ് ഹാവൊ സഖ്യത്തെ പിന്നിൽനിന്നെത്തി ഇന്ത്യൻ കൂട്ടുകെട്ട് ഫൈനലിൽ കീഴടക്കി. 2-6, 6-3, 10-4 എന്ന സ്കോറിനായിരുന്നു ബൊപ്പണ്ണ-റുതുജ സഖ്യം സ്വർണത്തിൽ മുത്തമിട്ടത്. ഇരുപത്തിയേഴുകാരിയായ റുതുജ ഭോസ്ലെയുടെ കന്നി മെഡലാണ്.
ഏഷ്യൻ ഗെയിംസിൽ മിക്സഡ് ഡബിൾസിൽ അവസാനമായി ഇന്ത്യക്കുവേണ്ടി സ്വർണം നേടിയത് 2014ൽ സാകേത് മൈനേയി-സാനിയ മിർസ സഖ്യമായിരുന്നു. 2006ൽ ലിയാൻഡർ പെയ്സ്-സാനിയ മിർസ സഖ്യത്തിലൂടെയാണ് ഈ ഇനത്തിൽ ഇന്ത്യ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണമണിഞ്ഞത്.
ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ ടെന്നീസിൽനിന്ന് ഇന്ത്യക്ക് ഇതോടെ ഒരു സ്വർണവും ഒരു വെള്ളിയുമായി പോരാട്ടം അവസാനിപ്പിച്ചു. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാകേസ് മൈനേയി-രാംകുമാർ രാമനാഥൻ സഖ്യം വെള്ളി നേടിയിരുന്നു.
രോഹൻ ബൊപ്പണ്ണയ്ക്ക് ഏഷ്യൻ ഗെയിംസ് ടെന്നീസിലൂടെ തുടർച്ചയായ രണ്ടാം സ്വർണം. 2018ൽ പുരുഷ ഡബിൾസിൽ ദിവിജ് ശർമയ്ക്ക് ഒപ്പം രോഹൻ ബൊപ്പണ്ണ സ്വർണം സ്വന്തമാക്കിയിരുന്നു. 2002 ബുസാൻ ഏഷ്യൻ ഗെയിംസ് മുതൽ ബൊപ്പണ്ണ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഏഷ്യൻ ഗെയിംസ് യാത്രയാണ് ബൊപ്പണ്ണ അവസാനിപ്പിച്ചത്. 2017 ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിൾസ് ചാന്പ്യനാണ് ബൊപ്പണ്ണ.
ഠോ... ഠോ...

ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിലൂടെ ഇന്നലെയും ഇന്ത്യൻ അക്കൗണ്ടിൽ മെഡലെത്തി. മിക്സഡ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ സരബ്ജോത് സിംഗ്, ടി.എസ്. ദിവ്യ സഖ്യമാണ് വെള്ളി നേടിയത്. ചൈനയുടെ സാങ് ബൗവെൻ, ജിയാങ് റാൻസിൻ സഖ്യത്തിനാണ് സ്വർണം.
ഇതോടെ ഷൂട്ടിംഗിലൂടെ ഇന്ത്യൻ അക്കൗണ്ടിൽ ആകെ 19 മെഡലായി. ആറ് സ്വർണം, എട്ട് വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെയാണിത്. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് മത്സരങ്ങൾ ഇന്ന് അവസാനിക്കും. ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ വേട്ടയാണ് ഷൂട്ടിംഗ് റേഞ്ചിൽ ഇത്തവണ ഇന്ത്യ നടത്തിയത്.