നല്ല പൊളപ്പൻ മഴ!
Saturday, September 30, 2023 12:31 AM IST
അനീഷ് ആലക്കോട്
കാര്യവട്ടം (തിരുവനന്തപുരം): തോരാതെ പെയ്യുന്ന മഴ മധ്യകേരളത്തിനു വെള്ളപ്പൊക്ക ഭീഷണിയാണെങ്കിൽ തിരുവനന്തപുരത്തിന് അങ്ങനല്ല. തിമിർത്തുപെയ്യുന്ന മഴ വാഹനത്തിനകത്തേക്ക് എത്തുന്പോഴും ഓട്ടോ ചേട്ടൻ പറഞ്ഞത് എന്തൊരു മഴയെന്നല്ല, നല്ല പൊളപ്പൻ മഴയെന്ന്! ഡാം നിറയട്ടെ, വൈദ്യുതി ഉത്പാദിപ്പിക്കട്ടെ, പവർ കട്ട് അവസാനിക്കട്ടെ... പൊളപ്പൻ മഴയെന്നു പറയാൻ തലസ്ഥാനത്തെ ഓട്ടോ ചേട്ടനു കാരണങ്ങളേറെ.
എന്നാൽ, ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്കു വേദി ലഭിക്കാത്ത തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ അരങ്ങേറേണ്ട ആദ്യ വാം അപ്പ് മത്സരം പെരുമഴയിൽ വിറങ്ങലിച്ചുപോയി എന്നതും മറ്റൊരുവശം. 2023 ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായുളള ദക്ഷിണാഫ്രിക്ക x അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം മഴയെത്തുടർന്ന് ടോസ് പോലുമില്ലാതെ ഉപേക്ഷിച്ചു.
മത്സരത്തിനായി ഗാലറിയിലെത്തിയ ഏതാനും ക്രിക്കറ്റ് ആസ്വാദകർക്ക് ഏക ആശ്വാസമായത് അഫ്ഗാനിസ്ഥാൻ സൂപ്പർ താരം റഷീദ് ഖാന്റെ സാന്നിധ്യമായിരുന്നു. ദക്ഷിണാഫ്രിക്കൻ താരങ്ങൾ മൈതാനത്തിന്റെ പരിസരത്തു പോലും എത്താതിരുന്നപ്പോൾ റഷീദ് ഖാൻ അഫ്ഗാൻ ടീം അധികൃതകർക്കൊപ്പം മൈതാനത്തെത്തി. ഗാലറിയിലെത്തിയ ആരാധകർക്കൊപ്പം സമയം ചെലവഴിക്കാനും റഷീദ് ഖാൻ മടിച്ചില്ല.
ഇന്ന് ഇന്ത്യ x ഇംഗ്ലണ്ട്
ഐസിസി ലോകകപ്പ് മുന്നിൽകണ്ട് ടീം ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ സന്നാഹ മത്സരത്തിനിറങ്ങും. ഗോഹട്ടിയിൽ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. മഴ ഭീഷണിക്കിടയിൽ ഇന്ന് തിരുവനന്തപുരത്ത് ഓസ്ട്രേലിയയും നെതർലൻഡ്സും തമ്മിലും സന്നാഹ പോരാട്ടം നടക്കുന്നുണ്ട്. ഇന്നലത്തെ കാലാവസ്ഥയാണെങ്കിൽ ഓസ്ട്രേലിയ x നെതർലൻഡ്സ് പോരാട്ടവും ഉപേക്ഷിക്കേണ്ടിവരും. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്നും കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ് x ദക്ഷിണാഫ്രിക്ക, മൂന്നിന് ഇന്ത്യ x നെതർലൻഡ്സ് എന്നിങ്ങനെ രണ്ട് സന്നാഹ മത്സരങ്ങൾകൂടി കാര്യവട്ടം സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുത്.
ഇന്ത്യയുടെ ലോകകപ്പ് മത്സര വേദിയല്ലെങ്കിലും സന്നാഹ മത്സരമെങ്കിലും കാണാൻ സാധിക്കണേ എന്ന പ്രാർഥനയാണ് മലയാളി ക്രിക്കറ്റ് ആരാധകർക്ക്. അതിനു പൊളപ്പൻ മഴ മാറി മാനം തെളിയേണ്ടിയിരിക്കുന്നു എന്നുമാത്രം...