ചൂടാകാന്‍ കാര്യവട്ടത്ത്
Friday, September 29, 2023 12:47 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ സന്നാഹമത്സരങ്ങൾക്കായി കാര്യവട്ടം ഒരുങ്ങി. തിരുവനന്തപുരം കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ആദ്യ സന്നാഹമത്സരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് ശക്തരായ ദക്ഷിണാഫ്രിക്കൻ സംഘം ക്രിക്കറ്റിലെ കുഞ്ഞൻമാരായ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും.
ഉച്ചകഴിഞ്ഞു രണ്ടു മുതലാണു മത്സരങ്ങൾ. ഇരു ടീമുകളും ഇന്നലെ കാര്യവട്ടം സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. ദക്ഷിണാഫ്രിക്കൻ ടീം ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് പരിശീലനം ആരംഭിച്ചത്. രാവിലെ പെയ്ത ചെറിയ ചാറ്റൽ മഴ ചൂടു കുറച്ചതിനാൽ താരങ്ങൾ കൂടുതൽ സമയം പ്രാക്ടീസ് നടത്തി.
തെംബ ബവുമയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വന്റിൻ ഡിക്കോക്ക്, മാക്രോ ജെൻസണ്, ഹെൻട്രിക്സ് തുടങ്ങിയവർ കൂടുതൽ സമയം പ്രാക്ടീസിനായി ചെലവഴിച്ചു. വൈകുന്നേരം ആറു മുതലായിരുന്നു അഫ്ഗാൻ താരങ്ങളുടെ പരിശീലനം.
ലോകക്രിക്കറ്റിലെ വന്പൻമാരുടെ പട്ടികയിൽ മുന്നിൽ നില്ക്കുന്ന ഓസീസ് സംഘം ഇന്നലെ തിരുവനന്തപുരത്തെത്തി. നാളെ ഓസ്ട്രേലിയ നെതർലൻഡിനെ നേരിടും.
ഒക്ടോബർ രണ്ടിനു ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും തമ്മിലും മൂന്നിന് ഇന്ത്യയും നെതർലൻഡ്സും തമ്മിലുമാണു കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന മറ്റു സന്നാഹ മത്സരങ്ങൾ.