പ്രതികാരം ആശാനുവേണ്ടി
Friday, September 22, 2023 1:41 AM IST
കൊച്ചി: മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇല്ലാതെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണിന്റെ ഉദ്ഘാടന പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇറങ്ങിയത്.
കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിക്ക് എതിരായ പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടത്തിനിടെ പ്രതിഷേധിച്ച് ടീമിനെ മൈതാനത്തുനിന്ന് പിൻവലിച്ചതിന് 10 മത്സര വിലക്ക് നേരിടുകയാണ് ഇവാൻ. ആരാധകർ തീർത്ത മഞ്ഞക്കടൽ സാക്ഷി നിർത്തി ഇവാന്റെ അഭാവത്തിലും ബ്ലാസ്റ്റേഴ്സ് പകരം വീട്ടി. കഴിഞ്ഞ സീസണിൽ ബംഗളൂരുവിൽ വച്ചുള്ള സുനിൽ ഛേത്രിയുടെ ക്വിക്ക് ഫ്രീകിക്ക് ഗോളിൽ തോൽപ്പിച്ചതിനുള്ള മധുര പ്രതികാരം കൊച്ചിയിൽ 2-1 ന് ബ്ലാസ്റ്റേഴ്സ് നടത്തി.
കഴിഞ്ഞ സീസണിൽ മഞ്ഞപ്പട ആരാധകരെ ആവേശത്തിലാക്കാൻ ഇവാൻ വുകോമനോവിച്ച് മൈതാനത്ത് എത്തിയിരുന്നു. എന്നാൽ, എഐഎഫ്എഫ് വിലക്ക് ഏർപ്പെടുത്തിയതിനാൽ ഇവാൻ വുകോമനോവിച്ചിന് ഇത്തവണ ടീമിനൊപ്പം സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധിച്ചില്ല.
2023 ഇന്ത്യൻ സൂപ്പർ കപ്പ്, 2023 ഡ്യൂറൻഡ് കപ്പ് എന്നീ ടൂർണമെന്റുകളിലായി ആറ് മത്സരങ്ങളിൽ ഇവാൻ വുകോമനോവിച്ച് പുറത്ത് ഇരുന്നു.
ഇനി നാലു മത്സരങ്ങളിൽകൂടി വിലക്ക് ശേഷിക്കുന്നുണ്ട്. ഇവാൻ വുകോമനോവിച്ചിന്റെ അഭാവത്തിൽ അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡൗവെനാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ബംഗളൂരു എഫ്സിക്ക് എതിരേ ഡഗ്ഗൗട്ടിൽ എത്തിയത്. 2023 ഡ്യൂറൻഡ് കപ്പിലും ബെൽജിയംകാരനായ ഫ്രാങ്ക് ഡൗവെൻ ആയിരുന്നു ആശാന്റെ വേഷത്തിൽ. ഒക്ടോബർ 27ന് കൊച്ചിയിൽ അരങ്ങേറുന്ന ഒഡീഷ എഫ്സിക്ക് എതിരായ മത്സരത്തിൽ്് മാത്രമേ ഇവാൻ വുകോമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരാൻ സാധിക്കൂ.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ച് വിശേഷിപ്പിക്കപ്പെടുന്നത്.