ഏഷ്യ കപ്പ് : ഇന്ത്യ x ശ്രീലങ്ക ഫൈനൽ ഇന്ന്
Sunday, September 17, 2023 12:24 AM IST
കൊളംബൊ: ക്രിക്കറ്റിലെ ഏഷ്യ കപ്പ് കലിപ്പിൽ ആരുജയിക്കും എന്നതിനായി ആരാധകർ. 2023 ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഇന്ന് കൊന്പുകോർക്കും. കൊളംബൊ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.00നാണ് ഫൈനൽ.
സൂപ്പർ ഫോറിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 41 റണ്‍സിനു ജയിച്ചിരുന്നു. ദസണ് ശനകയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കയുടെ തുടർച്ചയായ 13 ഏകദിന ജയത്തിനു വിരാമമിട്ടായിരുന്നു രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ജയം. 2010നുശേഷം ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്.
മഴ ഭീഷണിയിലാണ് ടൂർണമെന്റ് ഇതുവരെ നടന്നത്. ഇന്ന് മഴ മത്സരം മുടക്കിയാൽ നാളെ റിസർവ് ദിനത്തിൽ പോരാട്ടം വീണ്ടും അരങ്ങേറും.
നിസാങ്ക x ബുംറ
ശ്രീലങ്കയുടെ വിശ്വസ്ത ഓപ്പണറായി മാറിയിരിക്കുകയാണ് പതും നിസാങ്ക. ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറയെ നിസാങ്ക എങ്ങനെ നേരിടും എന്നത് ലങ്കൻ ഇന്നിംഗ്സിന്റെ തുടക്കം നിശ്ചയിക്കും. ബുംറയുടെ ന്യൂബോൾ ആക്രമണം അതിജീവിക്കാൻ നിസാങ്കയ്ക്കു സാധിക്കുമോ...? സൂപ്പർ ഫോറിൽ നിസാങ്കയെ ആറ് റണ്‍സിൽ ബുംറ പുറത്താക്കിയിരുന്നു. 69 ഏകദിനങ്ങളിൽ ബുംറ പവർപ്ലേയിൽ 37 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
അസലങ്ക x കുൽദീപ്
ശ്രീലങ്കൻ മധ്യനിര ബാറ്റിംഗിന്റെ കരുത്താണ് ചരിത് അസലങ്ക. ഇന്ത്യൻ സ്പിൻ ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുന്നത് കുൽദീപ് യാദവും. ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോറിൽ അസലങ്കയുടെ ഉൾപ്പെടെ കുൽദീപ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഏകദിനത്തിൽ നാല് തവണ ഇരുവരും നേർക്കുനേർ വന്നതിൽ രണ്ടു തവണ കുൽദീപ് അസലങ്കയെ പുറത്താക്കിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ അസലങ്ക 49 നോട്ടൗട്ടായിരുന്നു.
മെൻഡിസ് x ജഡേജ
ശ്രീലങ്കയുടെ വിജയപരാജയങ്ങൾ നിശ്ചയിക്കാൻ കരുത്തുള്ള ബാറ്ററാണ് വിക്കറ്റ് കീപ്പർകൂടിയായ കുശാൽ മെൻഡിസ്. ഈ ടൂർണമെന്റിൽ മൂന്ന് അർധസെഞ്ചുറി മെൻഡിസ് ഇതുവരെ നേടി. അതിൽ രണ്ട് പ്രാവശ്യം 90 പ്ലസ് റണ്‍സ് ആയിരുന്നു. ഇടംകൈ സ്പിന്നർമാർക്ക് മുന്നിൽ മെൻഡിസ് മുട്ടുമടക്കുന്നത് കണ്ടുവരുന്നു. ഇടംകൈ സ്പിന്നർമാർക്ക് മുന്നിൽ 40 ഇന്നിംഗ്സിൽ ഒന്‍പത് തവണ മെൻഡിൽ പുറത്തായി. രണ്ട് തവണ നേർക്കുനേർ വന്നതിൽ ഒരു തവണ ജഡേജ മെൻഡിസിനെ പുറത്താക്കിയിട്ടുണ്ട്.
കോഹ്ലി x വെല്ലലേഗ്
സൂപ്പർ ഓവറിൽ ഇന്ത്യൻ ടീമിനെ ഒന്നടങ്കം ഞെട്ടിച്ച യുവ സ്പിന്നറാണ് ദുനിത് വെല്ലലേഗ്. ഇന്ത്യക്കെതിരായ സൂപ്പർ ഫോറിൽ 40 റണ്‍സിന് അഞ്ച് വിക്കറ്റ് യുവതാരം സ്വന്തമാക്കി. മൂന്ന് റണ്‍സ് എടുത്തുനിൽക്കെ വിരാട് കോഹ്ലിയുടെ വിക്കറ്റും വെല്ലലേഗ് വീഴ്ത്തി. ഇടംകൈ സ്പിന്നർമാർക്കെതിരേ കോഹ്ലിക്ക് അത്രനല്ല ട്രാക്ക് റിക്കാർഡ് അല്ല. ഇടംകൈ സ്പിന്നർമാർക്ക് മുന്നിൽ 97 ഇന്നിംഗ്സിൽ 22 തവണ കോഹ്ലി പുറത്തായിട്ടുണ്ട്. ഈ വർഷം എട്ട് ഏകദിനത്തിൽ നാല് തവണയും സ്പിന്നർമാർക്ക് മുന്നിലാണ് കോഹ്ലി വീണത്.
ഗിൽ x രജിത
ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോറിൽ സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ഫോം തുടരാനുള്ള തയാറെടുപ്പിലായിരിക്കും. ടൂർണമെന്റിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ 275 റണ്‍സുമായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയതാരമാണ് ഗിൽ. പവർപ്ലേയിൽ കസണ്‍ രജിതയാണ് ഗില്ലിന്റെ പ്രധാന എതിരാളി. നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഒരു പ്രാവശ്യം ഗില്ലിനെ രജിത പുറത്താക്കി.
ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നത് ഇത് എട്ടാം തവണ. ഇതുവരെ നടന്ന ഏഴ് ഫൈനൽ ഏറ്റുമുട്ടലുകളിൽ നാല് തവണ ഇന്ത്യയും മൂന്ന് പ്രാവശ്യം ശ്രീലങ്കയും ജയിച്ചു. ഏഷ്യ കപ്പ് ഫൈനൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ നടന്ന ഫൈനലും ഇന്ത്യ x ശ്രീലങ്കയാണ്. ഏഷ്യ കപ്പിൽ ഇന്ത്യ ഏഴ് (ആറ് പ്രാവശ്യം ഏകദിനം, ഒരു വട്ടം ട്വന്റി-20) തവണ ചാന്പ്യന്മാരായി.