ഇംഗ്ലണ്ടിനു ജയം
Friday, September 15, 2023 3:40 AM IST
ലണ്ടൻ: ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനു ജയം. 181 റണ്‍സിനാണ് ഇംഗ്ലണ്ട് ജയമാഘോഷിച്ചത്.
വിരമിക്കലിൽനിന്നു തിരിച്ചെത്തിയ ബെൻ സ്റ്റോക്സ് നേടിയ റിക്കാർഡ് സെഞ്ചുറിയായിരുന്നു ഇംഗ്ലണ്ടിന്റെ ജയത്തിനു വഴിതെളിച്ചത്. 124 പന്തിൽ 182 റണ്‍സ് സ്റ്റോക്സ് നേടിയപ്പോൾ ഇംഗ്ലണ്ട് 48.1 ഓവറിൽ 368 റണ്‍സ് അടിച്ചുകൂട്ടി. ന്യൂസിലൻഡിന്റെ ഇന്നിംഗ്സ് 39 ഓവറിൽ 187ൽ അവസാനിച്ചു.
ഏകദിനത്തിൽ ഒരു ഇംഗ്ലീഷ് ബാറ്ററിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് സ്റ്റോക്സ് നേടിയ 182. 2018ൽ ജേസണ്‍ റോയ് ഓസ്ട്രേലിയയ്ക്കെതിരേ 151 പന്തിൽ 180 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. പരന്പരയിലെ അവസാന മത്സരം ഇന്ന് ലോഡ്സിൽ അരങ്ങേറും. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണു മത്സരം ആരംഭിക്കുക.