കൗമാര ഫൈനൽ
Sunday, September 10, 2023 1:13 AM IST
തിംഫു (ഭൂട്ടാൻ): സാഫ് അണ്ടർ 16 ആണ്‍കുട്ടികളുടെ ഫുട്ബോൾ കിരീടത്തിനായി ഇന്ത്യ ഇന്ന് കളത്തിൽ. ഇന്നു നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളി ബംഗ്ലാദേശാണ്.
ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് കിക്കോഫ്. സെമിയിൽ 8-0ന് മാലിദ്വീപിനെ തകർത്തെറിഞ്ഞാണ് ഇന്ത്യൻ കൗമാര സംഘം ഫൈനലിൽ പ്രവേശിച്ചത്. 2-1നു പാക്കിസ്ഥാനെ കീഴടക്കിയാണ് ബംഗ്ലാദേശിന്റെ ഫൈനൽ പ്രവേശം.
നിലവിലെ ചാന്പ്യന്മാരാണ് ഇന്ത്യ. 2022ൽ നടന്ന ടൂർണമെന്റ് പക്ഷേ, അണ്ടർ 17 ഫോർമാറ്റിലായിരുന്നു. അണ്ടർ 16 ഫോർമാറ്റിൽ അരങ്ങേറുന്ന നാലാമത് സാഫ് കപ്പാണ് ഇപ്രാവശ്യത്തേത്. കൗമാര സാഫ് കപ്പിൽ ഏറ്റവും കൂടുതൽ തവണ ചാന്പ്യന്മാരായ ടീം ഇന്ത്യയാണ്.
2017, 2019, 2013, 2022 എന്നിങ്ങനെ നാല് തവണ ഇന്ത്യ ചാന്പ്യൻപട്ടം സ്വന്തമാക്കി. മൂന്നാം കിരീടത്തിനായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. 2015, 2018 വർഷങ്ങളിൽ ബംഗ്ലാദേശ് കപ്പടിച്ചു.