ഫ്രഞ്ച് ഓപ്പൺ ഇഗ ഷ്യാങ്ടെക് നിലനിർത്തി
Saturday, June 10, 2023 11:27 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം പോളണ്ടിന്റെ ലോക ഒന്നാം നന്പർ താരമായ ഇഗ ഷ്യാങ്ടെക്കിന്.
മൂന്ന് സെറ്റ് നീണ്ട ഫൈനലിൽ ചെക് റിപ്പബ്ലിക്കിന്റെ കരോളിന മുചോവയെ ഇഗ ഷ്യാങ്ടെക് കീഴടക്കി. തുടർച്ചയായ രണ്ടാം തവണയാണ് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ഇഗ ഷ്യാങ്ടെക് സ്വന്തമാക്കുന്നത്.
സ്കോർ: 6-2, 5-7, 6-4. ഇഗ ഷ്യാങ്ടെക്കിന്റെ കരിയറിലെ നാലാം ഗ്രാൻസ്ലാം കിരീടമാണ്. ഒരു തവണ യുഎസ് ഓപ്പൺ (2022) നേടിയ ഇഗ, ഇത് മൂന്നാം തവണയാണ് ഫ്രഞ്ച് ഓപ്പൺ (2020, 2022, 2023) ചാന്പ്യനാകുന്നത്.
കന്നിക്കിരീടത്തിനായി ഇറങ്ങിയ കരോളിന മുചോവയെ ആദ്യ സെറ്റിൽ നിഷ്പ്രഭമാക്കി ആദ്യ സെറ്റ് 6-2ന് ഏകപക്ഷീയമായി പോളിഷ് താരം നേടി. എന്നാൽ, രണ്ടാം സെറ്റിൽ കാര്യങ്ങൾ മാറിമറിഞ്ഞു, 7-5ന് മുചോവ സെറ്റ് സ്വന്തമാക്കി. നിർണായകമായ മൂന്നാം സെറ്റിൽ 0-2നു പിന്നിൽ നിന്നശേഷമാണ് ഇഗ 6-4ന് സെറ്റും ജയവും കൈക്കലാക്കിയത്.