ഐപിഎൽ എലിമിനേറ്ററിൽ മുംബൈയും ലക്നോയും ഇന്ന് നേർക്കുനേർ
Wednesday, May 24, 2023 12:19 AM IST
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2023 സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസും ലക്നോ സൂപ്പർ ജയ്ന്റ്സും ഇന്നു നേർക്കുനേർ. രാത്രി 7.30നാണു മത്സരം. ഇന്നു ജയിക്കുന്ന ടീം ക്വാളിഫയർ രണ്ട് പോരാട്ടത്തിന് യോഗ്യത നേടും. തോൽക്കുന്ന ടീം പുറത്താകും.
മുംബൈ സർപ്രൈസ്
ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ എട്ടു വിക്കറ്റ് ജയം നേടിയശേഷം ആരാധകർക്കു നന്ദി അറിയിച്ച് സ്റ്റേഡിയത്തെ വലംവച്ചായിരുന്നു മുംബൈ ഇന്ത്യൻസ് മടങ്ങിയത്.
ഗുജറാത്തിനെതിരേ ബംഗളൂരു ജയിച്ചാൽ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന സാഹചര്യമായിരുന്നു അപ്പോൾ. എന്നാൽ, ഗുജറാത്ത് ആറു വിക്കറ്റിനു ബംഗളൂരുവിനെ തോൽപ്പിച്ചതോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനക്കാരായി മുംബൈ പ്ലേ ഓഫ് എലിമിനേറ്ററിനു യോഗ്യത നേടി.
2022 സീസണിനെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് മുംബൈ ഇത്തവണ പുറത്തെടുത്തത്. അതിന്റേതായ ആത്മവിശ്വാസം മുംബൈ കളിക്കാരിലുണ്ട്. അഞ്ചു തവണ ചാന്പ്യന്മാരായ മുംബൈയെ കിരീടം എങ്ങനെ നേടാമെന്നറിയാവുന്ന രോഹിത് ശർമയാണ് നയിക്കുന്നത്.
സൂപ്പറാകാൻ ലക്നോ
2022 സീസണിൽ ഐപിഎൽ അരങ്ങേറ്റം നടത്തിയ ലക്നോ സൂപ്പർ ജയ്ന്റ്സ് തുടർച്ചയായ രണ്ടാം തവണയാണു പ്ലേ ഓഫ് എലിമിനേറ്ററിനെത്തുന്നത്. 2022 സീസണിലേതുപോലെ ഇത്തവണയും ലീഗ് പോയിന്റ് ടേബിളിൽ ലക്നോയ്ക്കു മൂന്നാം സ്ഥാനമാണ്.
2022ൽ എലിമിനേറ്ററിൽ പരാജയപ്പെട്ട് പുറത്തായതിന്റെ ചരിത്രം ആവർത്തിക്കാതിരിക്കാനാണ് ലക്നോ എത്തുന്നത്. പരിക്കേറ്റ് പുറത്തായ കെ.എൽ. രാഹുലിനു പകരമായി കൃണാൽ പാണ്ഡ്യയാണു ലക്നോയുടെ ക്യാപ്റ്റൻ.
ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസും ലക്നോ സൂപ്പർ ജയ്ന്റ്സും തമ്മിൽ ഇതുവരെ മൂന്നു തവണ ഏറ്റുമുട്ടി. മൂന്നു തവണയും ലക്നോ സൂപ്പർ ജയ്ന്റ്സിനായിരുന്നു ജയം.