ഗുജറാത്ത് x ചെന്നൈ ക്വാളിഫയർ ഇന്ന്
Monday, May 22, 2023 11:27 PM IST
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2023 സീസണ് ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ ക്വാളിഫയറിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസും എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സും കൊന്പുകോർക്കും. രാത്രി 7.30ന് ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണു മത്സരം.
കോണ്‍വേ x ഗിൽ
ചെന്നൈയുടെയും ഗുജറാത്തിന്റെയും ഓപ്പണിംഗ് ബാറ്റർമാരായ ഡിവോണ്‍ കോണ്‍വേയും ശുഭ്മാൻ ഗില്ലും തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇന്നത്തെ മത്സരം. ഈ സീസണിൽ ഇതുവരെയായി 14 മത്സരങ്ങളിൽ രണ്ടു സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പെടെ ഗിൽ 680 റണ്‍സ് നേടി. റണ്‍ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമനാണ് ഗിൽ.
കോണ്‍വേ ആറ് അർധസെഞ്ചുറി ഉൾപ്പെടെ 585 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഓപ്പണിംഗിൽ ശക്തി ചെന്നൈക്കാണ്. കോണ്‍വേയുടെ സഹഓപ്പണറായ ഋതുരാജ് ഗെയ്ക്വാദ് 14 ഇന്നിംഗ്സിൽനിന്ന് 504 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ഗില്ലിന്റെ സഹ ഓപ്പണറായ വൃദ്ധിമാൻ സാഹ ഇതുവരെ 287 റണ്‍സ് മാത്രമാണു നേടിയത്.
ഷമി x ദേശ്പാണ്ഡെ
ഓപ്പണിംഗ് ബാറ്റർമാരിൽ ചെന്നൈക്കാണു കരുത്തെങ്കിൽ ബൗളിംഗ് യൂണിറ്റിൽ ഗുജറാത്ത് ചെന്നൈയേക്കാൾ ഒരു പടി മുകളിലാണ്. സീസണിൽ ഇതുവരെ 24 വിക്കറ്റ് വീതം വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയും സ്പിന്നർ റഷീദ് ഖാനുമാണ് ഗുജറാത്തിന്റെ ബൗളിംഗ് ആക്രമണം നയിക്കുന്നത്. 17 വിക്കറ്റുള്ള മോഹിത് ശർമയും ഇവർക്കൊപ്പം ബൗളിംഗിനെത്തും.
ചെന്നൈയുടെ ബൗളിംഗ് ആക്രമണം തുഷാർ ദേശ്പാണ്ഡെയുടെ നേതൃത്വത്തിലാണ്. ലീഗ് റൗണ്ടിൽ 14 മത്സരങ്ങളിൽ 20 വിക്കറ്റ് ദേശ്പാണ്ഡെ വീഴ്ത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജ (17 വിക്കറ്റ്), മതീഷ പതിരാന (15 വിക്കറ്റ്) എന്നിവരും ചെന്നൈ ബൗളിംഗ് കരുത്താണ്.
09: ധോണി
എം.എസ്. ധോണിയുടെ നായകത്വത്തിൽ 10-ാം ഐപിഎൽ ഫൈനൽ എന്ന നേട്ടത്തിനായാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്. ധോണിയുടെ അവസാന ഐപിഎൽ സീസണ് ആണിതെന്നതും ശ്രദ്ധേയം. നാലു തവണ ഐപിഎൽ കിരീടത്തിലും ധോണിയുടെ ചെന്നൈ മുത്തമിട്ടിരുന്നു.