ദേശീയ ടീമിലെത്താതെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടി യശസ്വി ജയ്സ്വാൾ
Sunday, May 21, 2023 1:04 AM IST
ന്യൂഡൽഹി: ഐപിഎല്ലിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന ദേശീയ ടീമിൽ ഇടംലഭിക്കാത്ത താരമെന്ന നേട്ടം പേരിലാക്കി രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാൾ.
15 വർഷം മുന്‍പ് ഓസ്ട്രേലിയൻ താരം ഷോണ്‍ മാർഷ് സ്ഥാപിച്ച റിക്കാർഡാണു ജയ്സ്വാൾ തകർത്തത്. അന്ന് 11 മത്സരങ്ങളിൽനിന്ന് 68.44 റണ്‍സ് ശരാശരിയിൽ 616 റണ്‍സാണു മാർഷ് അടിച്ചുകൂട്ടിയത്.
കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ 36 പന്തിൽ 50 റണ്‍സ് നേടിയ ജയ്സ്വാൾ, സീസണിലെ 14 മത്സരങ്ങളിൽനിന്ന് 625 റണ്‍സ് സ്വന്തമാക്കി. 48.07 റണ്‍സാണു ശരാശരി. ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും സീസണിൽ നേടി. 163.61 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു ജയ്സ്വാളിന്റെ കുതിപ്പ്.
ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ദേവദത്ത് പടിക്കൽ എന്നിവരാണു ദേശീയടീമിൽ ഇടംപിടിക്കാതെ ഐപിഎല്ലിൽ റണ്ണടിച്ചുകൂട്ടിയ മറ്റു താരങ്ങൾ.