മാഞ്ചസ്റ്റർ സിറ്റി x ഇന്റർ മിലാൻ ഫൈനൽ
Friday, May 19, 2023 12:54 AM IST
മാഞ്ചസ്റ്റർ: പെപ് ഗ്വാർഡിയോളയുടെ ശിക്ഷണത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി കാർലോ ആൻസിലോട്ടിയുടെ റയൽ മാഡ്രിഡിനെ തകർത്ത് തരിപ്പണമാക്കി യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് അടുക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇതോടെ സീസണ് ട്രിബിൾ സ്വപ്നം സജീവമായി.
മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയത്തിൽ അരങ്ങേറിയ രണ്ടാംപാദ സെമിയിൽ 4-0നായിരുന്നു സിറ്റിയുടെ ജയം. മാഡ്രിഡിലെ ആദ്യപാദ സെമി 1-1 സമനിലയിൽ കലാശിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 5-1ന്റെ ആധികാരിക ജയമാണു റയൽ സ്വന്തമാക്കിയത്.
ഇന്റർ മിലാനും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണു ചാന്പ്യൻസ് ലീഗ് ഫൈനൽ. ജൂണ് 11ന് ഇന്ത്യൻ സമയം പുലർച്ചെ 12.30ന് തുർക്കിയിലെ ഇസ്താംബുളിലാണു ഫൈനൽ.
01: റയലിന്റെ നാണക്കേട്
യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ റയൽ മാഡ്രിഡിന്റെ ഏറ്റവും നാണംകെട്ട തോൽവിക്കൊപ്പമാണു സിറ്റിക്കെതിരായ 5-1ന്റെ പരാജയം. 2009ൽ ലിവർപൂളിനോടു 4-0നു തോറ്റതായിരുന്നു റയലിന്റെ ഇതുവരെയുള്ള വലിയ തോൽവി.
02: സിൽവ ഡബിൾ
ബെർണാഡോ സിൽവ (23’, 27’) ഇരട്ടഗോൾ നേടിയപ്പോൾ മാനുവൽ അക്കാൻജി (76’), ജൂലിയൻ ആൽവരസ് (90+1’) എന്നിവരും സിറ്റിക്കായി റയൽ മാഡ്രിഡ് വലകുലുക്കി. റയൽ മാഡ്രിഡിനെതിരായ ചാന്പ്യൻസ് ലീഗ് സെമി ഫൈനലുകളിൽ ഇരട്ട ഗോൾ നേടുന്ന മൂന്നാമതു താരമാണു സിൽവ. ലയണൽ മെസി (2011), റോബർട്ട് ലെവൻഡോവ്സ്കി (2013) എന്നിവരാണ് ഈ നേട്ടം മുന്പ് സ്വന്തമാക്കിയത്.
മത്സരത്തിൽ മൂന്നു തവണ എർലിംഗ് ഹാലണ്ടിന്റെ ക്ലോസ് റേഞ്ച് ഗോൾ ശ്രമങ്ങൾ റയൽ ഗോളി തിബൊ കോർട്വ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഗോൾവ്യത്യാസം ഇതിലും വർധിക്കുമായിരുന്നു.
100
യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ 100 ജയം സ്വന്തമാക്കുന്ന മൂന്നാമത് പരിശീലകനായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള. കാർലോ ആൻസിലോട്ടി (107), അലക്സ് ഫെർഗൂസണ് (102) എന്നിവരാണ് മുന്പ് ഈ നേട്ടത്തിലെത്തിയവർ. ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ പ്രവേശിക്കുന്നതു രണ്ടാംതവണയാണ്.