ട്രീസ ജോളി- ഗായത്രി സഖ്യം ഓൾ ഇംഗ്ലണ്ട് സെമിയിൽ
Saturday, March 18, 2023 1:33 AM IST
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ 2023 സീസണിൽ ഇന്ത്യൻ പോരാട്ട മുഖമായി ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസിൽ മലയാളിതാരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ഒന്നിച്ചുള്ള സഖ്യം സെമി ഫൈനലിൽ പ്രവേശിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ഈ കൂട്ടുകെട്ട് ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ സെമിയിൽ പ്രവേശിക്കുന്നത്.
ക്വാർട്ടറിൽ ചൈനീസ് സഖ്യമായ ലി വെൻ മീ-ലിയു സ്വാൻ സഖ്യത്തെയാണ് ഇന്ത്യൻ യുവതാരങ്ങൾ തകർത്തത്. ഒരു മണിക്കൂർ നാലു മിനിറ്റ് നീണ്ട പോരാട്ടത്തിൽ മൂന്നു ഗെയിമിനൊടുവിലായിരുന്നു ഇന്ത്യൻ ജോഡിയുടെ ജയം. സ്കോർ: 21-14, 18-21, 21-12.
രണ്ടാം ഗെയിം നഷ്ടപ്പെട്ടെങ്കിലും നിർണായകമായ മൂന്നാം ഗെയിം ശക്തമായ പോരാട്ടത്തിലൂടെ ഗായത്രി-ട്രീസ സഖ്യം സ്വന്തമാക്കുകയായിരുന്നു. സെമിയിൽ ദക്ഷിണകൊറിയയുടെ ബേക് ഹ ന-ലീ സൊഹീ സഖ്യത്തെ ഇന്ത്യൻ കൂട്ടുകെട്ട് നേരിടും.
ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ ശേഷിക്കുന്ന ഏക ഇന്ത്യൻ സാന്നിധ്യമാണു ട്രീസ-ഗായത്രി സഖ്യം.
പുരുഷ സിംഗിൾസിൽ മലയാളിതാരം എച്ച്.എസ്. പ്രണോയ് മൂന്നാം നന്പർ താരമായ ആന്റണി സിനിസുകയോടു മൂന്ന് ഗെയിം നീണ്ട പ്രീക്വാർട്ടർ പോരാട്ടത്തിൽ പൊരുതി തോറ്റു. സ്കോർ: 20-22, 21-15, 21-17. ഏഴാം സീഡായ ജപ്പാന്റെ കൊഡയ് നരയോകയോട് 21-12, 21-13ന് കിഡംബി ശ്രീകാന്തും പ്രീക്വാർട്ടറിൽ തോൽവി വഴങ്ങി.