ഐഎസ്എൽ പ്ലേ ഓഫ് എലിമിനേറ്ററിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും ഏറ്റുമുട്ടും
Sunday, February 26, 2023 12:02 AM IST
കൊച്ചി: ഐഎസ്എലില്‍ ഫുട്ബോൾ അവസാന ലീഗ് റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നു രാത്രി 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഹൈദരാബാദ് എഫ്സിയെ നേരിടുന്നത് ഒരു ചടങ്ങുതീർക്കൽ മാത്രമായി. കാരണം, ഇന്നലെ നടന്ന കോൽക്കത്ത ഡെർബിയിൽ എടികെ മോഹൻ ബഗാൻ 2-0ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. ഇതോടെ 20 മത്സരങ്ങളിൽ 34 പോയിന്റുമായി എടികെ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്ത് എത്തി.
ഇന്നത്തെ ഫലം അപ്രസക്തം
ഇന്ന് ഹൈദരബരാബാദ് എഫ്സിയെ തോൽപ്പിച്ചാൽ 34 പോയിന്റിൽ എത്താമെന്നതിൽ കവിഞ്ഞ് ഒരു നേട്ടവും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കില്ല. കാരണം, പ്ലേ ഓഫ് എലിമിനേറ്ററിൽ നാലും അഞ്ചും സ്ഥാനക്കാർ തമ്മിലാണ് മത്സരം. അതായത് പ്ലേ ഓഫ് എലിമിനേറ്ററിൽ ബംഗളൂരു എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. ഇന്ന് ജയിച്ചാലും കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചാം സ്ഥാനത്ത് മാത്രമേ ഫിനിഷ് ചെയ്യാൻ സാധിക്കൂ.
പ്ലേ ഓഫ് നിയമം ഇങ്ങനെ
പോയിന്റിൽ തുല്യത വന്നാൽ ടീമുകൾ തമ്മിലുള്ള നേർക്കുനേർ മത്സര ഫലം ആശ്രയിച്ചാണ് സ്ഥാനം നിർണയിക്കുക. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചാൽ എടികെ മോഹൻ ബഗാനും ബംഗളൂരു എഫ്സിക്കും ഒപ്പം 34 പോയിന്റിൽ എത്താം. ഈ മൂന്ന് ടീമുകൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങളിൽ എടികെ മോഹൻ ബഗാനാണ് മുൻതൂക്കം.
എടികെ ബഗാൻ ഈ സീസണിൽ രണ്ട് തവണ ബ്ലാസ്റ്റേഴ്സിനെയും ഒരു തവണ ബംഗളൂരുവിനെയും തോൽപ്പിച്ചു. അതായത് നേർക്കുനേർ പോരാട്ടത്തിൽ ഒന്‍പത് പോയിന്റ്. ബംഗളൂരു ഓരോ തവണ എടികെ ബഗാനെയും ബ്ലാസ്റ്റേഴ്സിനെയും തോൽപ്പിച്ചു, അതിലൂടെ ആറ് പോയിന്റ് അവർക്കുണ്ട്. ബംഗളൂരുവിനെ ഒരു തവണ കീഴടക്കിയ ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റ് മാത്രവും. എടികെ ബഗാനും ബംഗളൂരുവിനും പിന്നിൽ മാത്രമേ ബ്ലാസ്റ്റേഴ്സിനു സ്ഥാനമുള്ളൂ.
പ്ലേ ഓഫ് എലിമിനേറ്ററിൽ എടികെ മോഹൻ ബഗാൻ ആറാം സ്ഥാനക്കാരായ ഒഡീഷ എഫ്സിയെയും ബംഗളൂരു എഫ്സി അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിനെയും നേരിടും. ഉയർന്ന റാങ്കുകാരുടെ തട്ടകത്തിലാണ് പ്ലേ ഓഫ് എലിമിനേറ്റർ. ജയിക്കുന്ന ടീമുകൾ മുംബൈക്കും ഹൈദരാബാദിനുമൊപ്പം സെമിയിൽ പ്രവേശിക്കും.