ബാഴ്സ ജയം, തലപ്പത്ത്
Tuesday, January 10, 2023 12:32 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരേ ബാഴ്സലോണയ്ക്ക് എവേ ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സലോണ ജയം സ്വന്തമാക്കിയത്.
22-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ ബാഴ്സയുടെ വിജയഗോൾ നേടി. ഗാവിയായിരുന്നു അസിസ്റ്റ് ചെയ്തത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ബാഴ്സയുടെ ഫെറാൻ ടോറസും അത്ലറ്റിക്കോയുടെ സ്റ്റെഫാൻ സാവിച്ചും തമ്മിൽ കൈയാങ്കളി അരങ്ങേറി. ഇരുവർക്കും റഫറി ചുവപ്പ് കാർഡ് നൽകി.
ലാ ലിഗയിൽ ബാഴ്സലോണ താരങ്ങൾക്കു തുടർച്ചയായ മൂന്നാം മത്സരത്തിലാണു നേരിട്ട് ചുവപ്പുകാർഡ് കിട്ടുന്നത്. ഈ സീസണിൽ ഇതുവരെ നാലു ചുവപ്പുകാർഡ് ബാഴ്സ താരങ്ങൾ കണ്ടു. 1999നുശേഷം ബാഴ്സ ഇത്രയും ചുവപ്പ് കാണുന്നത് ഇതാദ്യമാണ്.
ലീഗിൽ 16 മത്സരങ്ങൾ പൂർത്തിയായപ്പോൾ 41 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. 38 പോയിന്റുള്ള റയൽ മാഡ്രിഡാണു രണ്ടാമത്. റയൽ സോസിദാദ് (32), ബെറ്റിസ് (28) ടീമുകളാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.