റൂഡി കേഴ്സ്റ്റണ് അപകടത്തിൽ മരിച്ചു
Wednesday, August 10, 2022 12:10 AM IST
റിവേഴ്സെയ്ൽ: ലോക ക്രിക്കറ്റിലെ ഇതിഹാസ അന്പയർമാരിൽ ഒരാളായ റൂഡി കേഴ്സ്റ്റണ് അപകടത്തിൽ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ റിവേഴ്സെയ്ലിലുണ്ടായ അപകടത്തിലാണ് 73കാരനായ റൂഡി ഉൾപ്പെടെ അഞ്ചു പേർ മരിച്ചത്. ഗോൾഫ് ടൂർണമെന്റിൽ പങ്കെടുത്തു മടങ്ങവെയാണ് അപകടമെന്ന് അദ്ദേഹത്തിന്റെ മകൻ റൂഡി കേഴ്സ്റ്റണ് ജൂണിയർ അറിയിച്ചു.
1997ലാണ് റൂഡി ഐസിസിയുടെ മുഴുവൻ സമയ അന്പയറായി നിയമിക്കപ്പെടുന്നത്. 108 ടെസ്റ്റുകളിലും 209 ഏകദിനങ്ങളിലും 14 ട്വന്റി -20 മത്സരങ്ങളിലും അദ്ദേഹം അന്പയറായി. എണ്ണത്തിൽ സ്റ്റീവ് ബക്നർക്കു പിന്നിൽ രണ്ടാമതാണു റൂഡി. 2003, 2007 ലോകകപ്പ് ഫൈനലുകളിൽ അന്പയറായിരുന്നു ഇദ്ദേഹം. 2010ൽ ലോർഡ്സിൽ നടന്ന ഓസ്ട്രേലിയ-പാക്കിസ്ഥാൻ മത്സരത്തിലൂടെ അന്പയറിംഗിനോട് റൂഡി വിടപറഞ്ഞു.