ഗൂഗിൾ പേയിലെ ബിൽ പേമെന്റുകൾക്കിനി അധിക തുക
Monday, February 24, 2025 12:35 AM IST
ന്യൂഡൽഹി: ബിൽ പേയ്മെന്റുകൾക്ക് ഇനി മുതൽ കണ്‍വീനിയൻസ് ഫീ ഈടാക്കാൻ തീരുമാനമെടുത്ത് ഗൂഗിൾ പേ. വൈദ്യുതി ബിൽ, ഗ്യാസ് ബിൽ തുടങ്ങി എല്ലാ പേമെന്റുകൾക്കും ഇനി മുതൽ അധിക ചാർജ് ഈടാക്കും.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണം അടയ്ക്കുന്ന ഉപയോക്താക്കൾക്കാണ് ഈ നിരക്കുകൾ ബാധകമായി വരുന്നത്. ഇടപാട് മൂല്യത്തിന്റെ 0.5 ശതമാനം മുതൽ 1 ശതമാനം വരെയായിരിക്കും ഫീസ് ഈടാക്കുക. കൂടെ ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഈടാക്കും.
സാധാരണ ഗതിയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള യുപിഐ ഇടപാടുകൾ പഴയതുപോലെ സൗജന്യമായിത്തന്നെ തുടരും. പേമെന്റുകൾ പ്രോസസ് ചെയ്യുന്നതിനുള്ള ചെലവുകൾ നികത്താനുള്ള മാർഗമായിട്ടാണ് ഫീസിനെ കാണുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ ഇടപാടുകളുടെ ഏകദേശം 37 ശതമാനമാണ് ഗൂഗിൾ പേയിലൂടെ പ്രോസസ് ചെയ്യുന്നത്.