വേൾഡ് ഓഫ് കോഫി-കോപ്പൻഹേഗനിൽ വയനാടൻ റോബസ്റ്റയ്ക്ക് താത്പര്യക്കാരേറെ
Monday, July 1, 2024 11:03 PM IST
തിരുവനന്തപുരം: ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള കാപ്പിരുചികൾ സംഗമിക്കുന്ന വേൾഡ് ഓഫ് കോഫിയുടെ കോപ്പൻഹേഗൻ എഡിഷനിൽ കേരളത്തിൽനിന്നുള്ള വയനാടൻ റോബസ്റ്റ കാപ്പിക്കു മികച്ച സ്വീകരണം.
കേരളത്തിന്റെ തനതുരുചിയിൽ കാപ്പിക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താൻ സാധിക്കുമെന്നതിന്റെ തെളിവാണ് കോപ്പൻഹേഗനിൽ നടന്ന കോണ്‍ഫറൻസിൽ ലഭിച്ച സ്വീകാര്യതയെന്നു വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ആദ്യമായാണു രാജ്യാന്തര വേദിയിൽ വയനാടൻ റോബസ്റ്റ കോഫി അവതരിപ്പിക്കപ്പെടുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ ബംഗളൂരുവിൽ നടന്ന വേൾഡ് കോഫി കോണ്‍ഫറൻസിൽ സംസ്ഥാന പ്ലാന്റേഷൻ വകുപ്പ് വയനാടൻ കാപ്പിയുടെ പ്രത്യേക സ്റ്റാൾ സജ്ജമാക്കിയിരുന്നു. അവിടെനിന്നു ലഭിച്ച പ്രതികരണമാണു വയനാടൻ കാപ്പിയുടെ വിപുലമായ അന്താരാഷ്ട്ര സാധ്യതകളെപ്പറ്റി ചിന്തിക്കാൻ സർക്കാരിനു പ്രചോദനമായത്.
കാപ്പിയുടെ വ്യാവസായിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും വയനാട്ടിലെ കാപ്പി ബ്രാൻഡ് ചെയ്തു വിൽക്കുന്നതിനുമായി കാർബണ്‍ ന്യൂട്രൽ കോഫി പാർക്ക്, ക്ലൈമറ്റ് സ്മാർട് കോഫി, കേരള കോഫി ലിമിറ്റഡ് തുടങ്ങിയ വിവിധ പദ്ധതികൾ സർക്കാർ ഏകോപിപ്പിക്കുന്നുണ്ട്. എങ്കിലും കാപ്പിയുടെ വിദേശ വിപണികളിൽ വയനാടൻ റോബസ്റ്റ കാപ്പി ഇന്നും അത്ര പരിചിതമല്ല. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് വേൾഡ് ഓഫ് കോഫി കോപ്പൻഹേഗനിൽ പങ്കെടുക്കാൻ സർക്കാർ തീരുമാനിച്ചത്.
ക്ലൈമറ്റ് സ്മാർട് കോഫി പ്രോജക്ട് മേധാവി ജി. ബാലഗോപാലിന്റെ നേതൃത്വത്തിൽ വയനാട്ടിൽനിന്നുള്ള കാപ്പി കർഷകരായ പി.സി. വിജയൻ, സുഷേന ദേവി, കേരള കോഫി ലിമിറ്റഡ് ഡയറക്ടർ ജീവ ആനന്ദൻ എന്നിവർ സർക്കാർ സ്പോണ്‍സർഷിപ്പിലും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനൂപ് പാലക്കുന്ന്, സെക്രട്ടറി മധു ബൊപ്പയ്യ, യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സതേണ്‍ ഇന്ത്യ മുൻ പ്രസിഡന്റ് ധർമരാജ് നരേന്ദ്രനാഥ്, സഞ്ജയ് പ്ലാന്റേഷൻസിലെ സഞ്ജയ്, പ്രണോതി സഞ്ജയ് എന്നിവർ സ്വന്തം ചെലവിലുമാണ് കോപ്പൻഹേഗനിൽ നടന്ന ത്രിദിന കോണ്‍ഫറൻസിൽ പങ്കെടുത്തത്.