വിപണി കുലുക്കി ചൈനീസ് വൈറസ്; നിക്ഷേപകർക്കു നഷ്ടം 11 ലക്ഷം കോടി
Tuesday, January 7, 2025 2:08 AM IST
മുംബൈ: ചൈനയിലെ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ തകർന്ന് ഇന്ത്യൻ ഓഹരി വിപണി. സെന്‍സെക്സും നിഫ്റ്റിയും 1.5 ശതമാനം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ നിക്ഷേപകർക്ക് 11 ലക്ഷം കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.
വൈറസ് ആശങ്ക നിക്ഷേപകരെ വില്‍പ്പനക്കാരാക്കി മാറ്റിയതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് വിപണിയെ വീഴ്ത്തിയത്.
രാവിലെ സെൻസെക്സ് ഉയർന്ന നിലയിൽ ആരംഭിച്ചെങ്കിലും ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) റിപ്പോർട്ട് ചെയ്തതോടെ നിക്ഷേപകർ ഭീതിയിലായി.
നിഫ്റ്റി 1.6 ശതമാനം ഇടിഞ്ഞ് 23,616ലും സെന്‍സെക്സ് 1.59 ശതമാനം ഇടിഞ്ഞ് 77,964ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 9.92 ലക്ഷം കോടി കുറഞ്ഞ് 439.86 ലക്ഷം കോടിയിലെത്തി.
പൊതുമേഖല ബാങ്ക്, മെറ്റല്‍സ്, റിയല്‍ എസ്റ്റേറ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ധനകാര്യ സേവനം തുടങ്ങിയ മേഖലകളിലെ ഓഹരികൾക്ക് കനത്ത നഷ്ടമാണ് നേരിട്ടത്.
ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്സ്, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ഓഹരികളിലെ കനത്ത ഇടിവാണ് സൂചികകളെ ബാധിച്ചത്.