കറുത്തപൊന്നായി കുരുമുളക്
വിപണിവിശേഷം/ കെ.ബി. ഉദയഭാനു
Monday, January 6, 2025 12:36 AM IST
വിയറ്റ്നാമിൽ കുരുമുളക് കിട്ടാക്കനിയോ? അവിടത്തെ ചൈനീസ് വംശജരായ കയറ്റുമതിക്കാർ ഉത്പന്നത്തിനായി പരക്കം പായുന്നു, ലൂണാർ ന്യൂ ഇയർ ആഘോഷവേളയിലെ ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. മുളക് ക്ഷാമം മൂലം നവംബർ-ഡിസംബർ കാലയളവിൽ കയറ്റുമതി ഓർഡറുകൾ പൂർണമാക്കാൻ പലർക്കുമായില്ല. ഓരോ ആഴ്ചയും വില ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല.
വാരാവസാനം വിയറ്റ്നാമിലെ മുഖ്യ കാർഷിക വിപണിയായ ഡാങ് ഡാങിൽ കുരുമുളക് വില കിലോ 1,50,000 ഡോങിലേക്ക് ഉയർന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് അവരുടെ പ്രദേശിക വിപണികൾ ഇത്രമാത്രം ചൂടുപിടിക്കുന്നത്. സീസൺ ആരംഭിക്കാൻ ഇനിയും കാത്തിരിക്കണം.
ഉത്പാദന മേഖലകളിൽ കഴിഞ്ഞ സീസണിലെയും അതിനു മുന്പുള്ള പല വർഷങ്ങളിലെയും നീക്കിയിരിപ്പ് നേരത്തേതന്നെ വിലക്കയറ്റത്തിനിടയിൽ പലരും വിറ്റുമാറി. സെപ്റ്റംബർ-ഒക്ടോബറിൽതന്നെ പല കയറ്റുമതിക്കാരും യൂറോപ്യൻ ഷിപ്പ്മെന്റിനാവശ്യമായ മുളക് കംബോഡിയയിൽനിന്നും ഇന്തോനേഷ്യയിൽനിന്നും വാങ്ങിയാണ് കയറ്റുമതി ഓർഡറുകൾ പൂർത്തീകരിച്ചതെന്ന വിവരം മാസങ്ങൾക്ക് മുന്നേതന്നെ ഇതേ കോളത്തിൽ വ്യക്തമാക്കിയിരുന്നു.
ഇതിനിടയിൽ ചൈനീസ് ഇറക്കുമതിക്കാർ ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീസെല്ലർമാരിൽനിന്നും ചരക്ക് കണ്ടത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഉത്സവവേളയിൽ ഏകദേശം 20,000 ടൺ കുരുമുളക് ആവശ്യമുണ്ട്. ഇതിന്റെ നാലിലൊന്ന് പോലും കൈമാറാനാവില്ലെന്ന നിലപാടിലാണ് ഹോങ്കോംഗിലെ ഇടപാടുകാർ.
കരുതൽ ശേഖരവും ചുരുക്കം
ആഗോളതലത്തിൽ വീക്ഷിച്ചാൽ ഇതര ഉത്പാദക രാജ്യങ്ങളിലും കരുതൽ ശേഖരം നാമാത്രം. കഴിഞ്ഞവർഷം കാലാവസ്ഥയിലെ മാറ്റം മൂലം ഉത്പാദനം കുറഞ്ഞതുതന്നെയാണ് സ്റ്റോക്ക് നില ചുരുങ്ങാൻ ഇടയാക്കിയത്. കേരളത്തിലെയും കർണാടകയിലെയും ഉത്പാദകരുടെ പത്തായങ്ങളും ഏതാണ്ട് ശൂന്യമായ അവസ്ഥയിലാണ്. അടിമാലി മേഖലയിലെ പല തോട്ടങ്ങളും വിളവെടുപ്പിന് ഇനിയും പാകമായിട്ടില്ല.
ഹൈറേഞ്ചിലെ തോട്ടങ്ങളിലേക്കു കർഷകർ ഇറങ്ങാൻ ഇനിയും സമയമെടുക്കും. മൂത്ത് വിളഞ്ഞ മുളക് മണികൾ വിളവെടുത്താലും തിരക്കിട്ട് വിപണിയിൽ ഇറക്കില്ലെന്നാണ് വിലയിരുത്തൽ. പുതിയ മുളക് പരമാവധി ഉണക്കി കരുതൽ ശേഖരത്തിലേക്ക് നീക്കാം അവർ. ഇതിനിടയിൽ പകൽ താപനില അപ്രതീക്ഷിതമായി പതിവിലും മൂന്ന് ഡിഗ്രി സെൽഷസ് ഉയർന്നത് കാർഷിക മേഖലയുടെ ഞെഞ്ചിടിപ്പ് കൂട്ടി. മുളകുമണികൾ മൂത്തു വരുന്ന അവസരത്തിൽ പകൽച്ചൂടിന് കാഠിന്യമേറിയാൽ അവ അടർന്നു വീഴാനുള്ള സാധ്യത മൊത്തം ഉത്പാദനത്തെ ബാധിക്കും. കൊച്ചിയിൽ അൺഗാർബിൾഡ് 63,700 രൂപയായും ഗാർബിൾഡ് 65,700 രൂപയായും ഉയർന്നു.
വെള്ള കുരുമുളകിനും ഡിമാൻഡ്
ഇതിനിടയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ വൈറ്റ് പെപ്പറിനും ചൂടുപിടിച്ചു. മുഖ്യ ഉത്പാദക രാജ്യമായ ബ്രസീലിലെ ചരക്കുക്ഷാമം മൂലം അവർ പുതിയ ക്വട്ടേഷൻ ഇറക്കാതെ രംഗത്തുനിന്നും അകന്നു. ഇന്തോനേഷ്യ വെള്ള കുരുമുളകിന് 8950 ഡോളർ രേഖപ്പെടുത്തിയപ്പോൾ വിയറ്റ്നാം 9600 ഡോളറാണ് ആവശ്യപ്പെട്ടത്. മലേഷ്യൻ മാർക്കറ്റിലേക്കു തിരിഞ്ഞാൽ വൈറ്റ് പെപ്പർ ക്ഷാമത്തിന്റെ വ്യക്തമായ ചിത്രം തെളിയും, അവരുടെ നിരക്ക് ടണ്ണിന് 10,900 ഡോളർ.
തെക്കൻ കേരളത്തിൽ വൈറ്റ് പെപ്പർ ഉത്പാദനം ഇക്കുറി കുറഞ്ഞു. വ്യവസായികളുടെ ആവശ്യത്തിനുള്ള ചരക്ക് കണ്ടത്താൻ ക്ലേശിക്കുന്നതിനിടയിൽ ചൈനയിൽ വൻകിട ഒലിയോറസിൻ വ്യവസായശാല പ്രവർത്തനം തുടങ്ങി. ബെയ്ജിങ്ങിൽനിന്നും ടണ്ണിന് 10,000 ഡോളറിന് വരെ മൂപ്പ് എത്താത്തതും സത്ത് ഉള്ളതുമായ മുളകിന് അന്വേഷണങ്ങൾ എത്തിയതാണ് വിവരം. എന്നാൽ വില സംബന്ധിച്ച് ചൈനീസ് ഇറക്കുമതിക്കാരിൽനിന്നും വ്യക്തമായ ചിത്രം ലഭ്യമായില്ല.
ചൈനയെ ഉറ്റുനോക്കി റബർ
പുതുവർഷത്തിന്റെ തുടക്കത്തിൽ ഏഷ്യയിലെ പ്രമുഖ റബർ അവധി വ്യാപാര കേന്ദ്രങ്ങൾ പലതും മികവിലായിരുന്നങ്കിലും ഒസാക്കയിൽ വാരാന്ത്യം ബാധ്യതകൾ വിറ്റുമാറാൻ ഒരു വിഭാഗം ഇടപാടുകാർ കാണിച്ച തിടുക്കം ആഗോള വിപണികളെ പിടിച്ചുലച്ചു. ജപ്പാനിൽ റബർ ഏപ്രിൽ, മേയ് അവധികൾ ബുള്ളിഷ് ട്രെൻഡ് നിലനിർത്തി.
വാരാന്ത്യം 365 യെന്നിൽ നിലകൊള്ളുന്ന ഏപ്രിലിന് 351 യെന്നിൽ സപ്പോർട്ടുണ്ട്. സാങ്കേതിക വശങ്ങൾ ഇങ്ങനെങ്കിലും വിപണിയുടെ അടിസ്ഥാന വശങ്ങൾ പരിശോധിച്ചാൽ ഉത്പാദക രാജ്യങ്ങൾ ഏറെ പ്രതീക്ഷയിലാണ്. പലരും ഉത്പാദനം ഉയർത്തി കൂടുതൽ പണം കണ്ടെത്താനുള്ള കഠിന ശ്രമത്തിലും. അതേസമയം ഇറക്കുമതിയിൽ മുൻപന്തിയിലുള്ള ചൈനയുടെ നീക്കങ്ങൾ നിർണായകമാകും.
2019ൽ ഇതുപോലൊരു ജനുവരിയിലാണ്, ആറു വർഷം മുമ്പ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. അന്ന് 1700 പേർ മരിച്ച വിവരം ഇതേ കോളത്തിലൂടെയാണ് കേരളം ആദ്യം അറിഞ്ഞത്. പക്ഷേ ബെയ്ജിങ്ങ് അന്നും മരണം സംബന്ധിച്ച് നിശബ്ദത പാലിച്ചു. നിലവിൽ ചൈനയുടെ പല ഭാഗങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വ്യക്തമായ ചിത്രം അവർ പുറത്തുവിടാതെ അതീവ രഹസ്യമാക്കുന്നു. എന്തായാലും പ്രതികൂല വാർത്ത അവസരമാക്കാൻ ടയർ ലോബി ആഗോളതലത്തിൽ ശ്രമം നടത്താം. അതിന്റെ വ്യക്തമായ ചിത്രമാണ് വാരാന്ത്യം ബാങ്കോക്കിൽ റബർ വിലയിൽ പ്രതിഫലിച്ചത്. മാർക്കറ്റ് ക്ലോസിംഗ് നിരക്ക് 19,444 രൂപയിലാണ്.
വില്ലനായി പകൽച്ചൂട്
നവവത്സരാഘോഷങ്ങൾക്കു ശേഷം ആഭ്യന്തര റബർ വിപണി സജീവമായി. ഉത്പാദകർ തോട്ടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും പാൽ ലഭ്യത പെടുന്നനെ കുറഞ്ഞു. പകൽ താപനില പതിവിലും ഉയർന്നത് മരങ്ങളിൽനിന്നുള്ള യീൽഡിനെ ബാധിച്ചു. ചിലർ വെട്ട് ചുരുക്കി, ചില ഭാഗങ്ങളിൽ വെട്ടുകൂലിയും ചുരുക്കി. പ്രതിസന്ധി മുന്നിലുണ്ട്, കരുതിയിരിക്കുക, അതേസമയം ടാപ്പിംഗ് ഇനി അധികനാൾ തുടരാനാകില്ല, പകൽ ചൂട് പതിവിലും മൂന്ന് ഡിഗ്രി സെൽഷസ് ഉയർന്നതായി കാലാവസ്ഥാ വിഭാഗം, ജനുവരിയിൽ ഇത് പതിവുള്ളതല്ല. നാലാം ഗ്രേഡിനെ 193ൽനിന്നും ടയർ ലോബി നിഷ്പ്രയാസമാണ് 189ലേക്ക് ചവിട്ടിത്താഴ്ത്തിയത്.
ആഭ്യന്തര ഉത്പാദനം ഫെബ്രുവരിയിൽ പൂർണമായി നിലയ്ക്കാം. വ്യവസായികൾക്ക് ഇനിയും റബർ ഷീറ്റും ലാറ്റക്സും ആവശ്യമുണ്ട്. പല കമ്പനികളുടെയും ഗോഡൗണുകളിൽ സ്റ്റോക്ക് പരിമിതവും. എന്നാൽ, ചരക്ക് കുമിഞ്ഞുകൂടിയ മട്ടിലാണ് വ്യവസായികളും സ്പ്ലെയർമാരും. രൂപയുടെ മൂല്യം 85.78ലേക്ക് പതിച്ചു, ഇറക്കുമതി അത്ര സുഖകരമായ അവസ്ഥയിലല്ല. രൂപ ഇനിയും തളരും, അല്ല തകരും. ടയർ ലോബി എല്ലാ അടവുകളും വരും മാസങ്ങളിൽ ആഗോളതലത്തിൽ പ്രയോഗിക്കാം.
വിളവെടുപ്പ് തകൃതി
വിവിധ ഭാഗങ്ങളിലെ കാപ്പിത്തോട്ടങ്ങളിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. ഡിസംബറിൽ തുടക്കംകുറിക്കാനിരുന്ന വിളവെടുപ്പ് കാലാവസ്ഥാ വ്യതിയാനം മൂലം ജനുവരിയിലേക്കു നീണ്ടു. ഡിസംബറിലെ മഴ ഉത്പാദകരെ പിന്നാക്കം വലിച്ചിരുന്നു.
കാലവർഷാരംഭത്തിലെ മഴയിൽ കാപ്പിത്തോട്ടങ്ങളിൽ വ്യാപകമായി പൂക്കൾ അടർന്നു വീണത് വിളവിനെ ബാധിച്ചു. ഇടുക്കി, വയനാട്, പാലക്കാട് മേഖലകളിലെ തോട്ടങ്ങളിലും കാപ്പി ഉത്പാദനം കുറയാൻ ഇടയുണ്ട്. ഈ മാസം കർണാടകയിലെ കൂർഗ്, ഹസൻ, ചിക്കമംഗലൂരിലും വിളവെടുപ്പ് തുടങ്ങും. കാപ്പി പരിപ്പ് വില കിലോ 400 രൂപയിൽ നീങ്ങുന്നത് മുന്നിലുള്ള ദിവസങ്ങളിൽ വിളവെടുപ്പിന് ആവേശം പകരും.
പച്ചത്തേങ്ങയ്ക്ക് നേട്ടം
പുതുവർഷത്തിന്റെ ആദ്യ വാരത്തിൽ നാളികേരോത്പന്നങ്ങളും മികവിൽ. മില്ലുകാർ വില ഉയർത്തി കൊപ്ര ശേഖരിക്കാൻ കാണിച്ച ഉത്സാഹം വെളിച്ചെണ്ണവിലയിൽ പ്രതിഫലിച്ചു. കാർഷിക മേഖലകളിൽനിന്നും പച്ചത്തേങ്ങയുടെ ലഭ്യത വ്യവസായികളുടെ കണക്കുകൂട്ടലിനൊത്ത് ഉയരാതെ വന്നതോടെയാണ് കൂടിയ വിലയ്ക്ക് കൊപ്ര ശേഖരിക്കാൻ രംഗത്തിറങ്ങിയത്. കൊച്ചിയിൽ കൊപ്ര 14,800ലും വെളിച്ചെണ്ണ 22,200 രൂപയിലുമാണ്.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണവിലയിൽ നേരിയ ഉണർവ് കണ്ടുതുടങ്ങി. 57,080 രൂപയിൽനിന്നും 56,880ലേക്ക് ഇടിഞ്ഞ സ്വർണവില വെള്ളിയാഴ്ച 58,080ലേക്ക് ഉയർന്നു കരുത്ത് കാണിച്ചെങ്കിലും വാരാന്ത്യം പവൻ 57,720 രൂപയിലാണ്.