സ്ഥിരനിക്ഷേപം പലിശ നിരക്ക് ഉയർത്തി എസ്ബിഐ, എച്ച്ഡിഎഫ്സി
Sunday, January 5, 2025 12:04 AM IST
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ പുതിയ വർഷത്തിന്റെ തുടക്കത്തിൽ സീനിയർ സിറ്റിസണ്സിനും സൂപ്പർ സീനിയർ സിറ്റിസണ്സിനുമുള്ള സ്ഥിരനിക്ഷേപ നിരക്ക് വർധിപ്പിച്ചു.
80 വയസിന് മുകളിലുള്ള സൂപ്പർ സീനിയർ പൗരന്മാർക്കായി എസ്ബിഐ ഒരു പ്രത്യേക പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അവർക്ക് സാധാരണ മുതിർന്ന പൗരന്മാരെ അപേക്ഷിച്ച് 10 ബേസിസ് പോയിന്റുകൾ അധികമായി ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ബൾക്ക് ഡെപ്പോസിറ്റുകളുടെ (5 കോടി രൂപയോ അതിൽ കൂടുതലോ) റിട്ടേണുകൾ വ്യത്യസ്ത കാലയളവുകളിലായി 5-10 ബേസിസ് പോയിന്റുകൾ ക്രമീകരിച്ചു.
പുതിയ നിക്ഷേപ പദ്ധതികളുമായി എസ്ബിഐ
രണ്ട് പുതിയ നിക്ഷേപ പദ്ധതികളാണ് എസ്ബിഐ ആവിഷ്കരിച്ചിരിക്കുന്നത്. ഹർ ഘർ ലാക്പതി, എസ്ബിഐ പേട്രണ്സ് എന്നീ നിക്ഷേപ പദ്ധതികളാണ് ഉപഭോക്താക്കൾക്കായി പുതുതായി അവതരിപ്പിച്ചത്.
നിക്ഷേപകർക്ക് ഒരു ലക്ഷം രൂപയോ, അതിന്റെ ഗുണിതങ്ങളോ സന്പാദ്യമായി നേടാൻ സാധിക്കുന്ന റിക്കറിംഗ് ഡെപോസിറ്റ് പ്ലാനാണ് ഹർ ഘർ ലാക്പതി. പ്രായപൂർത്തിയാകാത്തവർക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും.
80 വയസോ അതിന് മുകളിലോ പ്രായമുള്ളവർക്ക് വേണ്ടിയുള്ളതാണ് എസ്ബിഐ പേട്രണ്സ് എന്ന നിക്ഷേപ പദ്ധതി. ബാങ്കിൽ സ്ഥിര നിക്ഷേപമുള്ളവർക്കും പുതുതായി സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പ്ലാനിന്റെ ആനുകൂല്യം ലഭിക്കും.
ഇപ്പോഴത്തെ സ്ഥിരനിക്ഷേപ പദ്ധതികളിൽ വയോധികർക്ക് മികച്ച പലിശ നിരക്കാണ് ലഭ്യമാകുന്നത്. ഏഴു മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളിൽ നാല് ശതമാനവും 46 മുതൽ 179 ദിവസം വരെ ആറു ശതമാനവും പലിശ ലഭിക്കും