പുതുവർഷത്തിൽ ഓഹരിവിപണികൾക്ക് നേട്ടത്തോടെ തുടക്കം
ഓഹരി അവലോകനം / സോണിയ ഭാനു
Monday, January 6, 2025 12:36 AM IST
പുതുവർഷത്തിന്റെ ആദ്യ വാരം തിളക്കമാർന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ. ആഭ്യന്തര ഫണ്ടുകൾ നിഷേപകരായി നിറഞ്ഞുനിന്നെങ്കിലും വിൽപ്പനയുടെ മാധുര്യം നുകരാനാണ് വിദേശ ഓപ്പറേറ്റർമാർ അവസരം പ്രയോജനപ്പെടുത്തിയത്. സെൻസെക്സ് 524 പോയിന്റും നിഫ്റ്റി സൂചിക 191 പോയിന്റും കഴിഞ്ഞവാരം ഉയർന്നു. തുടർച്ചയായ രണ്ടാം വാരമാണ് വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്.
നിഫ്റ്റി സൂചിക മുൻവാരത്തിലെ 23,813 പോയിന്റിൽനിന്നും വാരമധ്യം 23,470 പോയിന്റിലേക്കു താഴ്ന്ന അവസരത്തിൽ ഒരു വിഭാഗം വിദേശ ഓപ്പറേറ്റർമാർ ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് ശ്രദ്ധതിരിച്ചതു കണ്ട് ആഭ്യന്തര ഫണ്ടുകൾ വാങ്ങൽ താത്പര്യം ഉയർത്തിയത് വിപണിയുടെ തിരിച്ചുവരവിന് അവസരമൊരുക്കി. ഇതോടെ കഴിഞ്ഞവാരം സൂചിപ്പിച്ച 24,089 പോയിന്റിലെ പ്രതിരോധം തകർത്ത് 24,217 വരെ ഉയർന്നെങ്കിലും വ്യാപാരാന്ത്യം കരുത്ത് അൽപ്പം കുറഞ്ഞ് 24,004ലാണ്.
ഈവാരം നിഫ്റ്റിക്ക് ആദ്യ പ്രതിരോധം 24,324 പോയിന്റിലാണ് ഇത് മറികടക്കാനായാൽ സൂചിക 24,644 വരെ മുന്നേറാം. അതേസമയം, പ്രതികൂല വാർത്തകളെ തുടർന്ന് ചൈനീസ് മാർക്കറ്റിൽ വിൽപ്പന സമ്മർദം ഉടലെടുത്താൽ അത് ഏഷ്യൻ വിപണികളെ മൊത്തിൽ സ്വാധീനിക്കാനിടയുണ്ട്. ഫണ്ടുകളിൽനിന്നുള്ള വിൽപ്പന കനത്താൽ നിഫ്റ്റിയുടെ സപ്പോർട്ട് 23,577-23,150 പോയിന്റിലാകും. നിഫ്റ്റി ജനുവരി ഫ്യൂച്ചർ 24,000ൽനിന്നും 24,268 വരെ ഉയർന്നശേഷം 24,075ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് ഏതാണ്ട് പത്ത് ശതമാനം ഉയർന്ന് 139 ലക്ഷം കരാറുകളായി.
ബോംബെ സെൻസെക്സ് മുൻവാരത്തിലെ 78,699 പോയിന്റിൽനിന്നും 77,541ലേക്കു തിരുത്തൽ കാഴ്ചവച്ചങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിലെ തിരിച്ചുവരവിൽ സൂചിക 80,010ലേക്ക് ഉയർന്നശേഷം ക്ലോസിംഗിൽ 79,223 പോയിന്റിലാണ്.
ഈവാരം സെൻസെക്സ് 80,308ലേക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ അടുത്ത പ്രതിരോധം 81,393 പോയിന്റിൽ തലയുയർത്താം. വിപണിയുടെ ആദ്യ താങ്ങ് 77,839 പോയിന്റിലാണ്. മുൻവാരം സൂചിപ്പിച്ചിരുന്നതാണ് വിപണി 79,497 പോയിന്റിലെ പ്രതിരോധം തകർത്താൽ ജനുവരിയിൽ സെൻസെക്സ് 80,350നെ ലക്ഷ്യമാക്കുമെന്ന കാര്യം.
വിനിമയ വിപണിയിൽ രൂപ റിക്കാർഡ് തകർച്ചയിൽ നട്ടംതിരിയുകയാണ്. ഡോളർ ഇൻഡെക്സ് രണ്ടു വർഷത്തെ ഏറ്റവും മികച്ച നിലവാരത്തിലേക്കു നീങ്ങിയത് പ്രമുഖ കറൻസികളെ മൊത്തിൽ സമ്മർദത്തിലാക്കി. കഴിഞ്ഞവർഷം ഏഴ് ശതമാനം മികവ് കാണിച്ച ഡോളർ സൂചിക 108.92ലാണ്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ 110-111ലേക്കു മികവ് കാണിക്കാം.
ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 85.54ൽനിന്നും 85.78ലേക്ക് ദുർബലമായി. ഗ്ലോബൽ മാർക്കറ്റിൽ മൂല്യം 86.04 വരെയും ഇടിഞ്ഞു. നിലവിലൊരു തിരിച്ചുവരവിനു ശ്രമം നടത്തിയാൽ രൂപയ്ക്ക് 85.45 തടസം നേരിടും. ദുർബലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഈ വർഷം രൂപയുടെ മൂല്യം 88ലേക്കും തുടർന്ന് 90ലേക്കും ഇടിയാം. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില അൽപ്പം താഴ്ന്നു നിൽക്കുന്നത് മാത്രമാണ് ഏക ആശ്വാസം. എണ്ണ വില ബാരലിന് 80 ഡോളറിന് മുകളിലേക്കു നീങ്ങിയാൽ നാണയപ്പെരുപ്പം വീണ്ടും ശക്തിപ്രാപിക്കും. അതോടെ വിദേശ ഫണ്ടുകളിൽനിന്നുള്ള വിൽപ്പനയുടെ ആക്കം വർധിക്കാനും ഇടയുണ്ട്.
2024ൽ യുഎസ് ഫെഡ് റിസർവ് നാല് തവണകളിലായി മൊത്തം 100 ബേസിസ് പോയിന്റ് പലിശ നിരക്കിൽ ഇളവു പ്രഖ്യാപിച്ച സാഹചര്യത്തിൽ നടപ്പു വർഷം അവർ രണ്ടുതവണ കൂടി പലിശ നിരക്കിൽ കുറവ് വരുത്താനിടയുണ്ട്.
വിദേശ ധനകാര്യസ്ഥാപനങ്ങൾ വിൽപ്പനയ്ക്ക് തന്നെയാണ് പിന്നിട്ടവാരത്തിലും മുൻതൂക്കം നൽകിയത്. വാരമധ്യം അവർ 1506.75 കോടി രൂപയുടെ വാങ്ങൽ നടത്തിയെങ്കിലും മറ്റ് ദിവസങ്ങളിലായി അവർ 12,548.34 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരായി തുടരുകയാണ്, അവർ 9253.7 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതോടെ മൂന്നാഴ്ചകളിൽ അവരുടെ നിക്ഷേപം 35,583.43 കോടി രൂപയായി ഉയർന്നു.
€ 2621 ഡോളറിൽനിന്നും 2667 ഡോളർ വരെ കയറിയ ശേഷം വാരാന്ത്യം സ്വർണം 2638 ഡോളറിലാണ്.