യുകെ കന്പനിയിൽ നിന്ന് 10 കോടിയുടെ വെഞ്ച്വർ കാപ്പിറ്റൽ സ്വന്തമാക്കി സിഇടി വിദ്യാർഥികളുടെ സ്റ്റാർട്ടപ്പ്
Sunday, January 5, 2025 12:04 AM IST
തിരുവനന്തപുരം: കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം (സിഇടി) വിദ്യാർഥികളുടെ സ്റ്റാർട്ടപ്പിന് ശ്രദ്ധേയമായ നേട്ടം. യുകെ ആസ്ഥാനമായുള്ള പ്രമുഖ കന്പനിയിൽ നിന്ന് 10 കോടി രൂപയുടെ വെഞ്ച്വർ കാപ്പിറ്റൽ ലാവോസ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സിഇടി സ്റ്റാർട്ടപ്പ് സ്വന്തമാക്കി.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ്യുഎം) ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സെന്റേഴ്സ് (ഐഇഡിസി) പ്രോഗ്രാമിനു കീഴിൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ് സംരംഭമാണിത്.
യുകെയിലെ കണ്സ്ട്രക്ഷൻ കന്പനിയായ ഇഗ്നിവിയ ഗ്രൂപ്പിൽ നിന്നാണ് വിദ്യാർഥികളുടെ ആശയത്തിന് ഫണ്ട് ലഭിച്ചത്. പ്രോപ്പർട്ടി നിക്ഷേപങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയെ സ്റ്റാർട്ടപ്പ് പ്രയോജനപ്പെടുത്തുന്നു.
ആർക്കിടെക്ചറൽ വിദ്യാർഥിയായ ഉസ്മാൻ എ. ആശാൻ സ്റ്റാർട്ടപ്പിന്റെ സിഇഒയും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബിരുദധാരിയായ കെ. ശ്രീലാൽ സിഒഒയുമാണ്.