സ്വകാര്യ സംഭാഷണങ്ങൾ ചോർത്തിയ കേസ് : ഒത്തുതീർപ്പിനൊരുങ്ങി ആപ്പിൾ
Monday, January 6, 2025 12:36 AM IST
കലിഫോർണിയ: ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റായ സിരി ഉപയോഗിച്ച് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചെന്ന കേസിൽ ഒത്തുതീർപ്പിനൊരുങ്ങി ആപ്പിൾ. കേസ് ഒത്തുതീർപ്പാക്കാൻ ഉപയോക്താക്കൾക്കടക്കം ആപ്പിൾ 95 മില്യണ്‍ ഡോളർ (ഏകദേശം 820 കോടി രൂപ) മൊത്തത്തിൽ നൽകാൻ കന്പനി തീരുമാനിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഉപയോക്താക്കളുടെ സമ്മതമില്ലാതെ ആപ്പിളിന്റെ വിർച്വൽ അസിസ്റ്റന്റായ സിരി സംഭാഷണങ്ങൾ റിക്കോർഡ് ചെയ്യുകയും ഇവ തേർഡ് പാർട്ടി കന്പനികൾക്കും പരസ്യദാതാക്കൾക്കും നൽകിയെന്നുമായിരുന്നു ആപ്പിളിനെതിരായ കേസ്. സിരി റിക്കോർഡ് ചെയ്ത സംഭാഷണങ്ങൾ പരസ്യദാതാക്കളുമായി പങ്കുവച്ചെന്നും ആരോപണമുണ്ട്.
കലിഫോർണിയയിലെ ഓക്ലാൻഡിലെ ഫെഡറൽ കോടതിയിലാണ് ഇതുസംബന്ധിച്ച് കേസ് നടക്കുന്നത്. അഞ്ച് വർഷത്തോളമായി നീണ്ടുനിൽക്കുന്ന കേസിൽ ആരോപണങ്ങൾ ആപ്പിൾ നിഷേധിച്ചിരുന്നു.