നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് വിഴിഞ്ഞം കോണ്‍ക്ലേവ്
Tuesday, January 7, 2025 2:08 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പിൽ ഇടംനേടാൻ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവിൽ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മന്ത്രി പി. രാജീവ്. 28, 29 തീയതികളിൽ ഹയാത്ത് റീജൻസിയിൽ നടക്കുന്ന വിഴിഞ്ഞം കോണ്‍ക്ലേവ് 2025-ൽ 300 പ്രതിനിധികളും അൻപതിലധികം നിക്ഷേപകരും പങ്കെടുക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള തുറമുഖങ്ങളുമായി ബന്ധപ്പെട്ടു വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ള കന്പനികളുടെ പ്രതിനിധികളുടെ പങ്കാളിത്തം കോണ്‍ക്ലേവിൽ ഉറപ്പാക്കിയിട്ടുണ്ട്.
തുറമുഖാനുബന്ധ വ്യവസായങ്ങൾക്കൊപ്പം തന്നെ മറ്റു മേഖലകളിലേക്കുകൂടി നിക്ഷേപം സമാഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിന് ഈ കോണ്‍ക്ലേവിലൂടെ സാധിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ പങ്കെടുക്കും. വിവിധ വിഷയങ്ങളിലുള്ള പാനൽ ചർച്ചകൾ, വ്യവസായ രംഗത്തെ ഐക്കണുകൾ പങ്കെടുക്കുന്ന ഫയർസൈഡ് ചാറ്റുകൾ, പ്രസന്റേഷനുകൾ എന്നിവ കോണ്‍ക്ലേവിന്റെ ഭാഗമാണ്. കേരളത്തിനകത്തുള്ള കന്പനികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ നിക്ഷേപ സാധ്യതകളും കോണ്‍ക്ലേവിൽ വിശകലനം ചെയ്യും.
നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നവർക്കു മാർഗനിർദേശം നൽകുന്ന സെഷനുകൾ, ബിസിനസ് ലീഡർമാരുമായി പ്രതിനിധികൾക്കു നേരിട്ടു സംവദിക്കാനുള്ള അവസരം എന്നിവ കോണ്‍ക്ലേവിന്റെ പ്രത്യേകതകളാണെന്നും മന്ത്രി വ്യക്തമാക്കി.