ഓഹരിവിപണിയിൽ വടംവലി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, April 29, 2024 12:39 AM IST
ആഭ്യന്തര-വിദേശ ധനകാര്യസ്ഥാപനങ്ങൾ തമ്മിൽ ശക്തമായ വടംവലി തുടരുകയാണ്. ബാധ്യതകൾ ഒഴിവാക്കാൻ വിദേശ ഓപ്പറേറ്റർമാർ നടത്തിയ തിരക്കിട്ട നീക്കങ്ങൾക്കിടെ ആഭ്യന്തര ഫണ്ടുകൾ മുൻ ഓഹരികളിൽ കനത്ത വാങ്ങലിനു മത്സരിച്ച്, വിപണിയെ തലങ്ങും വിലങ്ങും തിരിയാൻ അവസരം നൽകാത്തവിധം വെട്ടിലാക്കി. ബോംബെ സെൻസെക്സ് 641 പോയിന്റും നിഫ്റ്റി സൂചിക 273 പോയിന്റും പ്രതിവാര മികവിലാണ്.
യുഎസ് ഫെഡ് റിസർവ് അടക്കം വിവിധ കേന്ദ്രബാങ്കുകൾ ഈ വാരം വായ്പാ അവലോകനത്തിനായി ഒത്തുചേരും. സാന്പത്തികമേഖലയിലെ സ്ഥിതിഗതികൾ ഓഹരിവിപണിയുടെ ദിശ നിർണയത്തിൽ മുഖ്യ പങ്ക് വഹിക്കുമെന്നതിനാൽ ഈ വാരം ഫണ്ടുകളുടെ ഓരോ നീക്കവും കരുതലോടെയാകും.
നിഫ്റ്റിക്കു ചാഞ്ചാട്ടം
നിഫ്റ്റി മേയ് ഫ്യൂച്ചർ 1.3 ശതമാനം പ്രതിവാര മികവിൽ 22,556ലാണ്. വിപണിയിലെ ഓപ്പണ് ഇന്ററസ്റ്റിൽ കാര്യമായ ഇടിവ് സംഭവിച്ചു.
തൊട്ടു മുൻവാരത്തിൽ 155.7 ലക്ഷം കരാറുകളായിരുന്നത് 114.4 ലക്ഷമായി ഇടിഞ്ഞു. സൂചികയിലെ ഉണർവുകണ്ട് ഉൗഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിനു തിടുക്കം കാണിച്ചതിനിടെ ഒരു വിഭാഗം ഓപ്പറേറ്റർമാർ ലാഭമെടുപ്പും നടത്തി.
മുൻവാരം സൂചിപ്പിച്ച 22,500ലെ പ്രതിരോധം തകർത്തത് ഓപ്പറേറ്റർമാരെ കവറിംഗിനു പ്രേരിപ്പിച്ചു. പുതിയ സാഹചര്യത്തിൽ 22,790നു മുകളിൽ ഇടംപിടിക്കാൻ അല്പം ക്ലേശിക്കും. തിരുത്തലിൽ മുതിർന്നാൽ നിഫ്റ്റി ഫ്യൂച്ചർ 22,220-22,250 റേഞ്ചിൽ താങ്ങ് കണ്ടെത്താം.
നിഫ്റ്റി 50, 22,147 പോയിന്റിൽനിന്ന് 22,626 വരെ സഞ്ചരിച്ചശേഷം 22,400ലേക്കു തളർന്നങ്കിലും ക്ലോസിംഗിൽ 22,419ലാണ്. ഈ വാരം 22,210ലെ ആദ്യ സപ്പോർട്ട് നിലനിർത്താനായില്ലെങ്കിൽ 22,001ലേക്കു ശക്തിപരീക്ഷണം നടത്താം.
പുതിയ ബുൾ ഓപ്പറേറ്റർമാർ രംഗത്തിറങ്ങിയാൽ താഴ്ന്ന റേഞ്ചിൽനിന്ന് നിഫ്റ്റിയെ 22,627ലേക്കും തുടർന്ന് 22,835ലേക്കും ഉയർത്താനാവും. വിപണിയുടെ മറ്റു സാങ്കേതിക വശങ്ങളിലേക്കു തിരിഞ്ഞാൽ എംഎസിഡി ബുള്ളിഷ് മൂഡിലാണ്. പാരാബോളിക് എസ്എആറും നിക്ഷേപകർക്കു പച്ചക്കൊടി ഉയർത്തുന്പോൾ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലാണ്.
തളർച്ച തുടരും
സെൻസെക്സ് 73,088ൽനിന്ന് അല്പം തളർന്നശേഷമുള്ള ആദ്യ കുതിപ്പിൽ 73,900 റേഞ്ചിൽ അല്പം തടസം നേരിട്ടു. വാരമധ്യത്തിനുശേഷമുള്ള അടുത്ത ചുവടുവയ്പിൽ സൂചിക 74,571 വരെ കയറിയ തക്കത്തിനു ബ്ലൂചിപ്പ് ഓഹരികൾ വിറ്റുമാറാൻ വിദേശ ഓപ്പറേറ്റർമാർ നടത്തിയ തിരക്കിട്ട നീക്കത്തിൽ വാരാന്ത്യം 73,730ലേക്കു താഴ്ന്നു.
സെൻസെക്സ് 74,448നെയാണ് ലക്ഷ്യമാക്കുന്നതെങ്കിലും 73,133ലെ സപ്പോർട്ട് നിലനിർത്തുന്നതിനെ ആസ്പദമാക്കിയാവും മുന്നോട്ടുള്ള ഓരോ ചുവടുവയ്പും. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സൂചിക 72,537ലേക്കു പരീക്ഷണങ്ങൾ നടത്താം.
വിദേശഫണ്ടുകൾ വിൽപ്പനയ്ക്കു മുൻതൂക്കം നൽകി, അവർ 14,704 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മൊത്തം 22,797 കോടി രൂപയുടെ നിക്ഷേപിച്ചു. ഫോറക്സ് മാർക്കറ്റിൽ രൂപ 83.47ൽനിന്നും 83.25ലേക്കു ശക്തിപ്രാപിച്ചെങ്കിലും ക്ലോസിംഗിൽ 83.32ലാണ്.
തിരുത്തൽ സാധ്യത
രാജ്യാന്തര സ്വർണവിപണിക്കു മുൻ വാരം സൂചിപ്പിച്ച 2415 ഡോളറിലെ പ്രതിരോധം തകർക്കാനായില്ല. ട്രോയ് ഒൗണ്സിന് 2391 ഡോളറിൽനിന്ന് 2328 വരെ താഴ്ന്നെങ്കിലും ക്ലോസിംഗിൽ 2337 ഡോളറിലാണ്. ഈ വാരം 2355ൽ പ്രതിരോധം തലയുയർത്തും. ഡെയ്ലി ചാർട്ടിൽ എംഎസിജി ബുള്ളിഷെങ്കിലും റിവേഴ്സ് റാലിക്കൊരുങ്ങുന്നതു കണക്കിലെടുത്താൽ 2248 ഡോളറിലേക്കു മേയിൽ തിരുത്തൽ സാധ്യതയുണ്ട്.
വാരമധ്യം യുഎസ് ഫെഡിൽനിന്നുള്ള പ്രഖ്യാപനങ്ങൾക്കു വിപണി കാതോർക്കുന്നു. അവർക്ക് ഇനിയും പണപ്പെരുപ്പം നിയന്ത്രിക്കാനായിട്ടില്ല. 2024ൽ മൂന്നു തവണ പലിശ കുറയ്ക്കാനായിരുന്നു പദ്ധതിയെങ്കിലും പുതിയ സാഹചര്യത്തിൽ അതു രണ്ടായി കുറയാം.