വിപണിയിൽ ക്രിസ്മസ് തിളക്കം
ഓഹരി അവലോകനം / സോണിയ ഭാനു
Monday, December 18, 2023 12:33 AM IST
ക്രിസ്മസ് തിളക്കത്തിൽ ഓഹരി വിപണിയുടെ കുതിപ്പ്. ഇന്ത്യൻ സൂചികകളിൽ മാത്രമല്ല, യുഎസ് മാർക്കറ്റിലും തുടർച്ചയായ ഏഴാം വാരവും ബുൾ റാലിയാണ്. മുൻനിര-രണ്ടാംനിര ഓഹരികളിലെ വാങ്ങൽ താത്പര്യം സെൻസെക്സിനെയും നിഫ്റ്റിയെയും പുതിയ തലങ്ങളിലേക്കുയർത്തി. റിക്കാർഡുകളുടെ പൂക്കാലം സൃഷ്ടിച്ചു വിപണി മുന്നേറുന്നതിനിടെ വാരമധ്യം ആഭ്യന്തര ഫണ്ടുകൾ ലാഭമെടുപ്പ് നടത്തി. എന്നിരുന്നാലും, വിദേശ ഓപ്പറേറ്റർമാരുടെ ശക്തമായ പിന്തുണ സർവകാല റിക്കാർഡിലേക്കു വിപണിയെ വാരാന്ത്യം നയിച്ചു.
9,200 കോടി
വിദേശ ഫണ്ടുകൾ വെള്ളിയാഴ്ചമാത്രം 9,200 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപം നടത്തി. യുഎസ് ഫെഡ് റിസർവ് പലിശയിൽ മാറ്റംവരുത്താത്തതും അടുത്ത വർഷം പലിശയിൽ 75 ബേസിസ് പോയിന്റ് ഇളവ് പ്രവചിച്ചതും രാജ്യാന്തര ഫണ്ടുകളെ ഇന്ത്യയിൽ നിക്ഷപകരാക്കി. പിന്നിട്ടവാരം അവർ 18,858 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഡിസംബർ ആദ്യ പകുതിയിൽ ഇന്ത്യയിൽ അവർ നിക്ഷേപിച്ചത് 31,377 കോടി രൂപയാണ്. നീണ്ട കാലയളവിനുശേഷമാണ് വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇത്ര കനത്ത നിക്ഷേപത്തിനു തയാറായത്. അതേസമയം, ആഭ്യന്തര ഫണ്ടുകൾ 2,476 കോടിയുടെ വാങ്ങലും 5,068 കോടി രൂപയുടെ വിൽപ്പനയും നടത്തി.
നാണ്യപ്പെരുപ്പം നിയന്ത്രിച്ച് പലിശഭാരം കുറയ്ക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നീക്കം കണക്കിലെടുത്താൽ അടുത്ത വർഷങ്ങളിൽ ആഗോള തലത്തിൽ പലിശ കുറയ്ക്കുന്ന പ്രവണത ദൃശ്യമാകാം, ഇതു വളർച്ചയ്ക്കു വേഗം പകരും.
നേട്ടമാക്കി രൂപ
സാന്പത്തിക മേഖലയിൽനിന്നുള്ള അനുകൂല വാർത്തകൾ രൂപ നേട്ടമാക്കി. വാരാരംഭത്തിൽ 83.40ൽ നിലകൊണ്ട രൂപ പിന്നീട് പുതിയ ദിശയിലേയ്ക്കു കടന്നു. ഇതിനിടെ, വിദേശനിക്ഷേപം പ്രവഹിച്ചതോടെ രൂപ 83ലെ താങ്ങ് തകർത്ത് 82.92ലേക്ക് ശക്തിപ്രാപിച്ചു. ശേഷം 82.97 എന്ന നിലയിലാണ്. ഏകദേശം 40 പൈസയുടെ തിരിച്ചുവരവ്. വാരാന്ത്യ ദിനത്തിൽ രൂപ എട്ടു മാസത്തിനിടയിലെ ഏറ്റവും മികച്ച തിരിച്ചുവരവ് കാഴ്ച്ചവച്ചു.
ഏതാനും മാസങ്ങളായി രൂപയെ ആർബിഐ നിശ്ചിത റേഞ്ചിൽ പിടിച്ചു നിർത്തിയിരുന്നു. സാങ്കേതികമായി രൂപ ദുർബലാവസ്ഥയിൽ നീങ്ങിയതാണ് ഇതിന്റെ പ്രധാനകാരണം. നാലു മാസങ്ങളിൽ 23 ബില്യണ് ഡോളർ വിദേശ കരുതൽശേഖരത്തിൽനിന്നു വിറ്റു. റിസർവ് ബാങ്ക് നീക്കം ഒരു പരിധിയിൽ അധികം മൂല്യത്തകർച്ച തടയുന്നതിന് ഉപകരിച്ചതായാണു വിലയിരുത്തൽ.
ചരിത്രനേട്ടത്തിൽ...
ചരിത്രനേട്ടം സ്വന്തമാക്കിയ നിഫ്റ്റി സൂചിക കഴിഞ്ഞവാരം 487 പോയിന്റ് മുന്നേറി. തൊട്ടു മുൻവാരം 701 പോയിന്റ് കയറി; അതായത് ഡിസംബറിൽ മാത്രം 1323 പോയിന്റ് (6.57 ശതമാനം) വർധന. തിങ്കളാഴ്ച 20,696ൽനിന്ന് 21,006ലെ റിക്കാർഡ് തകർത്തു വീണ്ടും മുന്നേറിയ അവസരത്തിൽ ഒരു വിഭാഗം ഫണ്ടുകൾ ലാഭമെടുപ്പിലേക്കു ചുവടുമാറ്റിയത് സൂചിക 20,768 റേഞ്ചിലേക്കുള്ള തിരുത്തലിന് അവസരമായി.
ഇതിനിടെയാണു ഫെഡ് റിസർവിൽനിന്നു പലിശ സംബന്ധിച്ച പ്രഖ്യാപനങ്ങൾ പുറത്തുവന്നത്. ഇതോടെ ബുൾ ഓപ്പറേറ്റർമാർ സംഘടിതമായി രംഗത്തിറങ്ങി. അവരുടെ കടന്നുവരവ് വെളളിയാഴ്ച നിഫ്റ്റിയെ 21,492.30 പോയിന്റ് വരെ ഉയർത്തി. വാരാന്ത്യം സൂചിക 21,456ലാണ്.
സാങ്കേതികമായി ഡെയ്ലി ചാർട്ട് ബുള്ളിഷ് മൂഡിലാണ് ആഭ്യന്തരവിപണികളുടെ നീക്കം. മറുവശത്ത് സൂചികകൾ ഓവർബോട്ടായി മാറിയത് ആഭ്യന്തര ഫണ്ടുകളെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. അതേസമയം വീക്ലി ചാർട്ട് വീണ്ടും മുന്നേറുമെന്ന അവസ്ഥ വിദേശ ഓപ്പറേറ്റർമാരെ നിക്ഷപകരാക്കുന്നുണ്ട്. ഈവാരം 21,709ലെ പ്രതിരോധം ഭേദിച്ചാൽ 21,962നെ ലക്ഷ്യമാക്കും. 20,985 പോയിന്റിലും 20,686ലും സപ്പോർട്ടുണ്ട്. സൂപ്പർ ട്രെൻഡ്, പാരാബോളിക്, എംഎസിഡി തുടങ്ങിയവ ബുള്ളിഷാണ്.
ചാഞ്ചാടിയാടി...
രാജ്യാന്തര സ്വർണവിലയിൽ ശക്തമായ ചാഞ്ചാട്ടം ദൃശ്യമാണ്. 2004 ഡോളറിൽ ഇടപാടുകൾ പുനരാരംഭിച്ച മഞ്ഞലോഹം ഒരവസരത്തിൽ ട്രോയ് ഒൗണ്സിന് 1972.40 എന്ന നിലയിലേക്ക് ഇടിഞ്ഞു.
ഇതിനിടെ, ഫെഡ് റിസർവ് നീക്കം ഓപ്പറേറ്റർമാരെ ഷോർട്ട് കവറിംഗിനു പ്രേരിപ്പിച്ചതോടെ മുൻവാരം സൂചിപ്പിച്ച 2036 ഡോളറിലെ പ്രതിരോധം തകർത്ത് 2047 വരെ മുന്നേറി. എന്നാൽ 2054ലെ തടസം ഭേദിക്കാനുള്ള കരുത്തു ലഭിച്ചില്ല. ഇതോടെ വിപണി വീണ്ടും വിൽപ്പനക്കാരുടെ പിടിയിലമർന്ന് വാരാവസാനം 2018 ഡോളറിലാണ്. ഡെയ്ലി ചാർട്ടിൽ സ്വർണം സെല്ലിംഗ് മൂഡിലേക്കു തിരിഞ്ഞതിനാൽ, പുതുവർഷം താഴ്ന്ന റേഞ്ചിലേക്ക് പരീക്ഷണങ്ങൾ നടത്താം.
കുതിപ്പ് അപകടകരം?
നിലവിലെ കുതിച്ചുചാട്ടം അങ്ങേയറ്റം അപകടകരമായ അവസ്ഥയിലേക്കു നീങ്ങുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം പ്രാദേശിക നിക്ഷേപകർ. കാര്യമായ കണ്സോളിഡേഷന് അവസരം നൽകാതെയുള്ള മുന്നേറ്റമായതിനാൽ ലാഭമെടുപ്പ് വിൽപ്പന സമ്മർദ്ദമായി മാറാം.
നിഫ്റ്റി ഡിസംബർ ഫ്യൂച്ചറുകൾ 21,075ൽനിന്നും 21,557ലേക്കു കയറി. ഓപ്പണ് ഇന്ററസ്റ്റ് തൊട്ടു മുൻവാരത്തിലെ 133.2 ലക്ഷം കരാറിൽനിന്ന് 163.3 ലക്ഷമായി. ഒരേസമയം സൂചികയും ഓപ്പണ് ഇന്ററസ്റ്റും ഉയർന്നതു പുതിയ ലോംഗ് പൊസിഷനുകളെ സൂചിപ്പിക്കുന്നു. ഫ്യൂച്ചർ ചാർട്ട് നൽകുന്ന സൂചന കണക്കിലെടുത്താൽ 21,800-22,000 അകലെയല്ല.
മുൻവാരം സൂചിപ്പിച്ചപോലെ, സെൻസെക്സ് ആദ്യ ദിനത്തിൽതന്നെ 69,893 പോയിന്റിൽനിന്ന് 70,000 പോയിന്റ് മറികടന്നു. പിന്നീട് വിപണി 71,000 പോയിന്റും ഭേദിച്ച് 71,605.76 വരെ ചുവടുവച്ചു. വ്യാപാരാന്ത്യം സൂചിക 71,483ലാണ്. ഈ വാരം 72,356നെ കൈപ്പിടിയിലൊതുക്കാനായാൽ അടുത്ത ലക്ഷ്യം 73,230 പോയിന്റാണ്. സൂചിക പുതിയ ഉയരങ്ങളിലേയ്ക്കു സഞ്ചരിക്കുന്പോൾ നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ലാഭമെടുപ്പ് വിൽപ്പന സമ്മർദമായാൽ 69,857-68,232 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം.