ബലൂചിസ്ഥാനിൽ ഭീകരർ ട്രെയിൻ റാഞ്ചി
Wednesday, March 12, 2025 2:33 AM IST
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരർ എക്സ്പ്രസ് ട്രെയിൻ ആക്രമിച്ചു പിടിച്ചെടുത്ത് ഇരുനൂറിൽപരം യാത്രക്കാരെ ബന്ദികളാക്കി. 30 സുരക്ഷാ ഉദ്യോഗസ്ഥരെ ഭീകരർ വധിച്ചു. ക്വെറ്റയിൽനിന്നു പെഷവാറിലേക്കു പോയ ജാഫർ എക്സ്പ്രസാണ് പെഹ്റോ കുന്റിക്കും ഗാദലറിനു മധ്യേ ആക്രമിക്കപ്പെട്ടത്.
ട്രെയിൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. പാക് സൈന്യം ഇടപെട്ടാൽ എല്ലാ ബന്ദികളെയും വധിക്കുമെന്ന് ബിഎൽഎ പ്രസ്താവനയിൽ അറിയിച്ചു. പാക്കിസ്ഥാൻ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങൾ നിരോധിച്ച സംഘടനയാണ് ബിഎൽഎ.
ട്രെയിൻ ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും വെടിവയ് പിൽ പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തകരും സുരക്ഷാ സൈനികരും പ്രദേശത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ട്രെയിൻ ഡ്രൈവർക്കു ഗുരുതര പരിക്കേറ്റെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ട്രെയിനുകൾ അയച്ചു.
ഒന്പതു കോച്ചുകളുള്ള ട്രെയിനിൽ അഞ്ഞൂറിനടുത്ത് യാത്രക്കാരുണ്ടായിരുന്നുവെന്ന് റെയിൽവേസ് കൺട്രോളർ മുഹമ്മദ് കാഷിഫ് പറഞ്ഞു. എട്ടാം നന്പർ തുരങ്കത്തിലാണ് ഭീകരർ ട്രെയിനിനു നേരേ ആക്രമണം നടത്തിയത്.
ട്രാക്കുകൾ ബോംബിട്ട് തകർത്തശേഷം ട്രെയിനിനു നേർക്ക് വെടിവയ്പ് നടത്തുകയായിരുന്നു. ദുർഘട പർവതപ്രദേശമായ ഈ മേഖലയിൽ 17 തുരങ്കങ്ങളുണ്ട്. ട്രെയിൻ വേഗം കുറച്ചാണ് ഇതുവഴി പോകാറുള്ളത്. ട്രെയിൻ തടഞ്ഞിട്ടിരിക്കുന്നത് സങ്കീർണമായ ഭൂപ്രദേശത്തായതിനാൽ രക്ഷാപ്രവർത്തകരും സൈന്യവും ഏറെ വെല്ലുവിളി നേരിടുകയാണ്.
മേഖലയിലെ റെയിൽപ്പാളങ്ങൾക്കു നേർക്ക് മുന്പ് ഭീകരർ റോക്കറ്റ്, റിമോട്ട് കൺട്രോൾഡ് ബോംബ് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. മിക്ക ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ബിഎൽഎ ഏറ്റെടുത്തിരുന്നു.
ക്വെറ്റ-പെഷവാർ റൂട്ടിൽ കഴിഞ്ഞ വർഷം ഒന്നര മാസം ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നു. ഒക്ടോബറിലാണ് സർവീസ് പുനരാരംഭിച്ചത്. ഇറാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിൽ നിരവധി വർഷങ്ങളായി ആക്രമണങ്ങൾ പതിവാണ്.
പാക്കിസ്ഥാനിൽനിന്നു ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് തുടങ്ങിയ വിഘടനവാദി ഗ്രൂപ്പുകളുടെ ആവശ്യം.