പാക് ട്രെയിൻ റാഞ്ചൽ ; 300 ബന്ദികളെ രക്ഷപ്പെടുത്തി, മുഴുവൻ ഭീകരരെയും വധിച്ചു
Thursday, March 13, 2025 1:29 AM IST
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഭീകരർ റാഞ്ചിയ ട്രെയിനിൽനിന്ന് 300 യാത്രക്കാരെ രക്ഷപ്പെടുത്തി. മുഴുവൻ ഭീകരരെയും സൈന്യം വധിച്ചു. സൈന്യവും പ്രോണ്ടിയർ കോറും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.
അതേസമയം, സൈനികനടപടി തുടരുകയാണ്. 21 യാത്രക്കാരും നാലു സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ കരസേന വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷരീഷ് ദുന്യ ന്യൂസ് ടിവിയോടു പറഞ്ഞു. ആക്രമണത്തിൽ പങ്കെടുത്ത 33 ഭീകരരെയും വധിച്ചെന്നും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും ലഫ്. ജനറൽ അറിയിച്ചു.
ചൊവ്വാഴ്ചയാണ് 450 യാത്രക്കാരുമായി ക്വെറ്റയിൽനിന്നു പെഷവാറിലേക്കു പോയ ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഭീകരർ ആക്രമിച്ചു റാഞ്ചിയത്.
സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ട്രെയിൻ പാളം തെറ്റിക്കുകയായിരുന്നു. ക്വെറ്റയിൽനിന്ന് 160 കിലോമീറ്റർ അകലെ ദുർഘട പർവതമേഖലയിലാണ് ഭീകരർ ട്രെയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയത്.
ഭീകരർ സ്ഫോടകവസ്തുക്കൾ ശരീരത്തിൽ ധരിച്ച് സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കിയതിനാൽ അതീവശ്രദ്ധയോടെയായിരുന്നു സൈനികനീക്കം. അന്പതോളം പാക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടിരുന്നു.
ജയിലിലടയ്ക്കപ്പെട്ട വിഘടനവാദികളെ വിട്ടയ്ക്കണമെന്നാണു ബിഎൽഎ ആവശ്യപ്പെട്ടിരുന്നത്. ബലൂചിസ്ഥാനിൽ സുരക്ഷാ സൈനികർക്കു നേരേ നിരന്തരം ഭീകരരുടെ ആക്രമണമുണ്ടാകാറുണ്ടെങ്കിലും ട്രെയിൻ റാഞ്ചുന്നത് ആദ്യമായാണ്.