അമേരിക്ക സാന്പത്തികമാന്ദ്യത്തിലേക്കെന്നു സൂചന; ഓഹരിവിപണികൾ ഇടിഞ്ഞു
Wednesday, March 12, 2025 2:33 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക സാന്പത്തികമാന്ദ്യത്തിലേക്കു പോകുകയാണെന്ന സൂചനകൾക്കിടെ ഓഹരിവിപണികളിൽ പ്രതിഫലനം.
സാന്പത്തികമാന്ദ്യ സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കുകകൂടി ചെയ്തതോടെയാണ് യുഎസ് ഓഹരികൾ കുത്തനേ ഇടിഞ്ഞത്.
പ്രമുഖ യുഎസ് കന്പനികളായ ടെസ്ലയുടെ ഓഹരിവില 15.4 ശതമാനവും എൻവിഡിയയുടെ ഓഹരിവില 5.07 ശതമാനവും ഇടിഞ്ഞപ്പോൾ മൈക്രോസോഫ്റ്റ് ഓഹരികൾ 3.34 ശതമാനവും ഡെൽറ്റ എയർലൈൻ ഓഹരികൾ 5.5 ശതമാനവും ഇടിഞ്ഞു.
യൂറോപ്യൻ ഓഹരിവിപണികളും ഇടിഞ്ഞെങ്കിലും വൈകാതെ തിരിച്ചുകയറി. യുഎസ് ഓഹരികളിലെ തകർച്ച ഏഷ്യൻ വിപണിയിലും പ്രതിഫലിച്ചു. ജപ്പാനിലെയും ദക്ഷിണകൊറിയയിലെയും ഹോങ്കോംഗിലെയും ഓഹരിവിപണികൾ വലിയ നഷ്ടം നേരിട്ടു. ഇന്ത്യൻ ഓഹരിവിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. എന്നാൽ, ചൈനയിലെ ഓഹരിവിപണിയിൽ ചലനമൊന്നുമുണ്ടായില്ല.
കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് അമേരിക്ക ഇപ്പോള്‍ നേരിടുന്നത്. ട്രംപ് ഭരണകൂടത്തിന്റെ വ്യാപകമായ താരിഫ് നയങ്ങളും സർക്കാരിന്റെ ചെലവ് ചുരുക്കലുമാണ് അമേരിക്കയിൽ ഇത്രത്തോളം മാന്ദ്യഭീതി വർധിപ്പിച്ചതിലെ പ്രധാന ഘടകം. ചൈന, മെക്സിക്കോ, കാനഡ ഉൾപ്പെടെയുള്ള പ്രധാന അമേരിക്കൻ വ്യാപാര പങ്കാളികളെ ലക്ഷ്യമിട്ടു ട്രംപ് നടത്തിയ നീക്കങ്ങളും തിരിച്ചടിച്ചു.
ഡോണൾഡ് ട്രംപ് അധികാരത്തിലേറി മൂന്നു മാസമാകുമ്പോഴാണ് അമേരിക്കൻ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് ചുവടുവയ്ക്കുന്നതായ വാർത്തകൾ പുറത്തുവരുന്നത്. ഈ വർഷം കാര്യമായ വെല്ലുവിളികൾ തന്നെ രാജ്യം നേരിടുമെന്ന ആശങ്കകളാണിപ്പോൾ ഉയരുന്നത്. ചില പ്രധാന സാമ്പത്തിക സൂചകങ്ങൾ മാന്ദ്യത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെങ്കിലും സമ്പദ്വ്യവസ്ഥ ശരിയായ പാതയിലാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആത്മവിശ്വാസം.
ബ്ലൂംബെർഗിന്റെ റിപ്പോർട്ടനുസരിച്ച് 2021 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് അമേരിക്കയുടെ ഉപഭോക്തൃ ആത്മവിശ്വാസത്തിലുണ്ടായത്. അതേസമയം, മാന്ദ്യത്തിനുള്ള സാധ്യത യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് തള്ളിക്കളഞ്ഞു. അമേരിക്കൻ ജനതയ്ക്കുവേണ്ടി ട്രംപ് വിജയം കൈവരിക്കുമെന്നും രാജ്യത്ത് മാന്ദ്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.