മാർപാപ്പയുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടു
Wednesday, March 12, 2025 2:33 AM IST
വത്തിക്കാൻ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിഞ്ഞ 26 ദിവസമായി ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി വത്തിക്കാൻ. ന്യുമോണിയയെത്തുടർന്നുള്ള അപകടഭീഷണി പൂർണമായും ഇല്ലാതായതായി ഡോക്ടർമാർ ഇന്നലെ അറിയിച്ചു.
ചികിത്സകളോടു നന്നായി പ്രതികരിക്കുന്നുണ്ട്. നന്നായി ഉറങ്ങുകയും ചെയ്യുന്നു. ഡോക്ടർമാരോടും മറ്റ് ആശുപത്രി ജീവനക്കാരോടും കുശലാന്വേഷണം നടത്തുന്നുണ്ട്. ഇന്നലെയും ആശുപത്രിമുറിയോടു ചേർന്നുള്ള ചാപ്പലിൽ അല്പസമയം പ്രാർഥനയിൽ ചെലവഴിച്ചു. രക്തപരിശോധനകളിൽ കാര്യമായ വ്യത്യാസമുണ്ട്.
റോമൻ കൂരിയയിലെ അംഗങ്ങൾക്കായി വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്നുവരുന്ന നോമ്പുകാല ധ്യാനത്തിൽ മാർപാപ്പ ഇന്നലെയും വീഡിയോ കോൺഫറൻസ് വഴി പങ്കുചേർന്നു. ഞായറാഴ്ച തുടങ്ങിയ ധ്യാനത്തിൽ കഴിഞ്ഞ രണ്ടു ദിവസവും മാർപാപ്പ ഓൺലൈനായി പങ്കെടുത്തിരുന്നു.
എങ്കിലും രോഗാവസ്ഥയുടെ സങ്കീർണതകൾ മുൻനിർത്തി ഏതാനും ദിവസങ്ങൾക്കൂടി മാർപാപ്പയ്ക്ക് ആശുപത്രിയിൽ ചികിത്സ തുടരേണ്ടതുണ്ടെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പയെ സംബന്ധിച്ച് ചില പ്രധാനപ്പെട്ട വാർഷികദിനങ്ങൾ ഈയാഴ്ചയുണ്ട്. ഈശോസഭയിൽ നൊവിഷ്യേറ്റിൽ ചേർന്നതിന്റെ 67-ാം വാർഷികദിനമായിരുന്നു ഇന്നലെ. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ 12-ാം വാർഷികദിനം നാളെയാണ്.
മാതൃരാജ്യമായ അർജന്റീനയിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്റെ പ്രാർഥനയും ഐക്യദാർഢ്യവും അറിയിച്ച് മാർപാപ്പ ഇന്നലെ ടെലിഗ്രാം സന്ദേശം അയച്ചു.