ഡുട്ടെർട്ടെ തടവിൽ; ഉത്തരവാദിത്വം ഏൽക്കുന്നതായി വീഡിയോ സന്ദേശം
Friday, March 14, 2025 12:03 AM IST
ഹേഗ്: അധികാരത്തിലിരിക്കേ മയക്കുമരുന്നു സംഘടനകൾക്കെതിരേയുണ്ടായ നടപടികളുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) കസ്റ്റഡിയിലായ മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോദ്രിഗോ ഡുട്ടെർട്ടെ വീഡിയോ സന്ദേശത്തിൽ അറിയിച്ചു.
ഫിലിപ്പീനി പോലീസ് അറസ്റ്റ് ചെയ്ത ഡുട്ടെർട്ടെയെ ഐസിസി ആസ്ഥാനമായ നെതർലൻഡ്സിലെ ഹേഗിലെത്തിക്കുകയായിരുന്നു. ഇവിടത്തെ തടവറയിൽ അടയ്ക്കപ്പെട്ട അദ്ദേഹത്തെ വൈകാതെ കോടതിക്കു മുന്നിൽ ഹാജരാക്കും.
ഫിലിപ്പീൻസിൽനിന്ന് നെതർലൻഡിലേക്കുള്ള വിമാനയാത്രയിൽ റിക്കാർഡ് ചെയ്ത സന്ദേശത്തിലാണ് ഉത്തരവാദിത്വങ്ങൾ ഏൽക്കുന്നതായി ഡുട്ടെർട്ടെ അറിയിച്ചത്.
2016 മുതൽ 2022 വരെ ഫിലിപ്പീൻസ് ഭരിച്ച ഡുട്ടെർട്ടെ മയക്കുമരുന്നു സംഘങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാ സമീപനമാണു സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഡെത്ത് സ്ക്വാഡുകൾ വിചാരണകൂടാതെ 6,000 പേരെയെങ്കിലും വധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ കണക്ക് ഇതിലും വളരെ കൂടുതലാണെന്നു വിമർശകർ പറയുന്നു.
ഫിലിപ്പീൻസിനെ ക്രിമിനൽ മുക്തമാക്കാനായിരുന്നു നടപടികളെന്ന് ഡുട്ടെർട്ടെ വാദിക്കുന്നു. ഏഷ്യൻ രാജ്യത്തെ മുൻ ഭരണാധിപനെതിരേ ഐസിസി നടപടികളുണ്ടാകുന്നത് ആദ്യമാണ്.