യുഎസിലെ ആദ്യ നൈട്രജൻ വാതക വധശിക്ഷ മരവിപ്പിച്ചു
Wednesday, March 12, 2025 11:07 PM IST
ബേറ്റൺ റൂജ്: അടുത്ത വാരം നടത്താൻ നിശ്ചയിച്ചിരുന്ന യുഎസിലെ ലൂയിസിയാനയിലെ ആദ്യത്തെ നൈട്രജൻ വാതക വധശിക്ഷ മരവിപ്പിച്ചു. യുഎസ് ജില്ലാ ജഡ്ജി ഷെല്ലി ഡിക്കിന്റെ ഇടപെടലാണ് നടപടികൾ നിർത്തിവെയ്ക്കാൻ കാരണമായത്.
കഴിഞ്ഞ മാസമാണ് ജെസി ഹോഫ്മാൻ ജൂനിയർ തന്റെ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്. നൈട്രജൻ ഹൈപോക്സിയ എന്ന മാർഗത്തിലൂടെ ജീവനെടുക്കുന്നത് ക്രൂരമാണെന്നും അത് അസാധാരണ ശിക്ഷാരീതിയാണെന്നും ഹോഫ്മാന്റെ അഭിഭാഷകർ വാദിച്ചിരുന്നു.
ബുദ്ധമതാനുയായി ആയ തനിക്ക് സ്വന്തം മതം ആചരിക്കാനും ബുദ്ധമതത്തിലെ ധ്യാനരീതികൾ പിന്തുടരാനുള്ള അവകാശം നിഷേധിക്കലാന്ന് ഇതെന്നാണ് ഹോഫ്മാന്റെ വാദം. താൻ പലതരം മാനസികാസ്വാസ്ഥ്യങ്ങൾ അനുഭവിക്കുന്ന വ്യക്തിയാണെന്നും ഇത് വഷളാകുമെന്നും ഇയാൾ പറയുന്നു.
എന്നാൽ, ലൂയിസിയാന നിയമപ്രകാരം അനുവദനീയവും വേദനരഹിതവുമായ മാർഗമാണിതെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. 1996ൽ ന്യൂ ഓർലിയൻസിൽ നടന്ന മേരി മോളി ഏലിയട്ട് കൊലക്കേസിലെ പ്രതിയാണ് 46-കാരനായ ഹോഫ്മാൻ.