സിറിയൻ സർക്കാർ അനുരഞ്ജന പാത സ്വീകരിക്കണമെന്നു തുർക്കി
Wednesday, December 4, 2024 1:51 AM IST
അങ്കാറ: സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദ് സ്വന്തം ജനതയുമായി അനുരഞ്ജനത്തിനു തയാറാകണമെന്നും പ്രതിപക്ഷവുമായി ചർച്ചകൾ നടത്തണമെന്നും തുർക്കി വിദേശകാര്യമന്ത്രി ഹക്കൻ ഫിദൻ.
വിമതർ ആലെപ്പോ നഗരത്തിന്റെ പലഭാഗങ്ങളും പിടിച്ചെടുത്ത സാഹചര്യത്തിൽ, സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി, റഷ്യയോടൊപ്പം നയതന്ത്ര ശ്രമങ്ങളിൽ പങ്കാളിയാകാൻ ഒരുക്കമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തുർക്കിയുടെ പിൻതുണയുള്ള വിമതരുടെ മുന്നേറ്റം അസദിനു വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തെ രാഷ്ട്രീയ ചർച്ചകൾക്കു പ്രേരിപ്പിക്കാനുള്ള നീക്കമാണ് തുർക്കി നടത്തുന്നതെന്നാണു വിലയിരുത്തൽ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി സിറിയൻ സർക്കാരിനു പൂർണപിന്തുണ വാഗ്ദാനം ചെയ്തു.
2011ൽ അസദ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ കൊടുന്പിരിക്കൊണ്ടപ്പോൾ സൈനികസഹായം നൽകിയ രാജ്യമാണ് ഇറാൻ. ഇരുനൂറോളം ഇറാക്കി സൈനികർ വിമതരെ നേരിടുന്നതിനായി സിറിയൻ അതിർത്തി കടന്നു രാജ്യത്ത് പ്രവേശിച്ചതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തു.
സിറിയൻ സൈന്യത്തെ സഹായിക്കാനായി ആലെപ്പോ നഗരത്തിൽ ഇവർ ഉടനെ വിന്യസിക്കപ്പെടുമെന്നാണു കരുതുന്നത്. അതേസമയം, ആലെപ്പോ ഇന്റർനാഷണൽ വിമാനത്താവളത്തിൽ കടന്നുകയറിയ കലാപകാരികൾ സിറിയൻ പതാകയിൽ ചവിട്ടി നിൽക്കുന്നതും അസദിന്റെ പോസ്റ്റർ കീറുന്നതും അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട വീഡിയോയിൽ കാണാം. വിമതർക്കെതിരേയുള്ള പോരാട്ടം അതിർത്തി കടക്കുമോ എന്നു അയൽരാജ്യങ്ങളും ഭയപ്പെടുന്നുണ്ട്.
സിറിയൻ അതിർത്തിയിൽ ഇറാക്ക് വൻതോതിൽ സുരക്ഷാസൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മേഖലയിലെ അസ്ഥിരമായ സാഹചര്യം മുതലെടുക്കാൻ സിറിയൻ കുർദിഷ് ഗ്രൂപ്പുകളെ അനുവദിക്കില്ലെന്നും ഫിദൻ കൂട്ടിച്ചേർത്തു.