ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ജനുവരിയിലേക്കു മാറ്റി
Wednesday, December 4, 2024 1:51 AM IST
ധാക്ക: അറസ്റ്റിലായ ഹിന്ദു നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ കേസ് പരിഗണിക്കുന്നതു ജനുവരി രണ്ടിലേക്കു ബംഗ്ലാദേശ് കോടതി മാറ്റി.
കൃഷ്ണദാസിനുവേണ്ടി അഭിഭാഷകൻ ഹാജരാകാതിരുന്നതിനാൽ ഹർജി മാറ്റിവയ്ക്കാൻ സർക്കാർ ആവശ്യപ്പെടുകയായിന്നു.
ഹിന്ദു സംഘടനയായ ബംഗ്ലാദേശ് സമ്മിളിത സനാതനി ജാഗരൺ ജോടിന്റെ വക്താവാണ് കൃഷ്ണദാസ്. രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ നവംബർ 25ന് ധാക്കയിലെ ഹസ്രത് സഹ്ജലാൽ വിമാനത്താവളത്തിൽനിന്നാണ് അറസ്റ്റ്ചെയ്തത്.
നവംബർ 26ന് കൃഷ്ണദാസിനെ ഛത്തോഗ്രാം കോടതി ജാമ്യം നിഷേധിച്ച് ജയിലിലേക്ക് അയച്ചിരുന്നു. തുടർന്നു ബംഗ്ലാദേശിൽ ഹിന്ദുക്കൾ പ്രക്ഷോഭം ആരംഭിച്ചിരുന്നു.
മെട്രോപോളിറ്റൻ സെഷൻസ് കോടതി ജഡ്ജി മുഹമ്മദ് സെയ്ഫുളിന്റെ മുന്പാകെയാണു ഹർജി ഇന്നലെ പരിഗണനയ്ക്കു വന്നത്. കൃഷ്ണദാസിനു വേണ്ടി അഭിഭാഷകൻ ഹാജരാകാത്തതിനെത്തുടർന്നു കേസ് ജഡ്ജി മാറ്റി വയ്ക്കുകയായിരുന്നു.
ഹർജി ഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ കോടതിക്കു പുറത്തു കനത്ത സുരക്ഷയേർപ്പെടുത്തിയിരുന്നു. ദാസിനെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഛത്തോഗ്രാം ബാർ അസോസിയേഷന്റെ നേതാവും മറ്റ് അഭിഷാകരും കോടതി വളപ്പിനുള്ളിൽ പ്രകടനം നടത്തിയിരുന്നു.
അതേസമയം, കൃഷ്ണദാസിനുവേണ്ടി ഹാജരാകാനിരുന്ന അഭിഭാഷകനു ഭീഷണിയും സമ്മർദവും നേരിടേണ്ടിവന്നതായി അദ്ദേഹത്തിന്റെ അനുയായി സ്വതന്ത്ര ഗൗരംഗ ദാസ് ആരോപിച്ചു. രാഷ്ട്രീയം കളിക്കുന്ന അഭിഭാഷകരിൽനിന്നാണു ഭീഷണിയുണ്ടായതെന്നും പറയപ്പെടുന്നു. ദാസിനുവേണ്ടി സത്യവാങ്മൂലം സമർപ്പിച്ച അഭിഭാഷകൻ സുഭാഷി ശർമ പ്രതികരിച്ചിട്ടില്ല.
കൃഷ്ണദാസിന്റെ അറസ്റ്റിനെത്തുടർന്ന് ബംഗ്ലാദേശിലുടനീളം ഹിന്ദുസംഘടനകൾ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. തുറമുഖ നഗരമായ ഛത്തോഗ്രാമിലുണ്ടായ പ്രോക്ഷോഭത്തെത്തുടർന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സെയ്ഫുൾ ഇസ്ലാം അലീഫ് കൊല്ലപ്പെട്ടിരുന്നു.
മുൻപ്രധാനമന്ത്രി ഷേഖ് ഹസീന പുറത്താക്കാപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ് പ്രതിഷേധിച്ചു
ധാക്ക: ത്രിപുരയിലെ കോൺസുലേറ്റ് ആക്രമണത്തിന്റെ പേരിൽ ബംഗ്ലാദേശ് ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
അഗർത്തലയിൽ നടന്ന ആക്രമണ സംഭവത്തെത്തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
അതേസമയം, ഒറ്റപ്പെട്ട സംഭവങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമാകരുതെന്ന് പ്രണയ് വർമ വ്യക്തമാക്കി. ബംഗ്ലാദേശുമായി സുസ്ഥിരവും ക്രിയാത്മകവുമായ ബന്ധം നിലനിർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി ബന്ധം പുലർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിൽനിന്നു പുറത്തേക്കു വരവേ അദ്ദേഹം വ്യക്തമാക്കി.