ഇസ്കോണിനെ നിരോധിക്കാതെ ബംഗ്ലാദേശ് ഹൈക്കോടതി
Friday, November 29, 2024 3:53 AM IST
ധാക്ക: ബംഗ്ലാദേശിൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസിന്റെ (ഇസ്കോൺ) പ്രവർത്തനം നിരോധിക്കാന്‍ ധാക്ക ഹൈക്കോടതി വിസമ്മതിച്ചു. ഒരു പ്രാദേശിക പത്രമാണ് ഇതു റിപ്പോർട്ട് ചെയ്തത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിന്ദുസംഘടനയായ ഇസ്കോണിന്റെ നേതാവ് ചിന്മയ് കൃഷ്ണദാസിനെ ഈയാഴ്ച ആദ്യം അറസ്റ്റ് ചെയ്തതിനെത്തുടർന്ന് രാജ്യത്ത് സുരക്ഷാ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.
ഹിന്ദു നേതാവിന്റെ അനുയായികളും സുരക്ഷാ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം അഭിഭാഷകൻ മരിച്ചിരുന്നു. ഇസ്കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്, മരിച്ച അഭിഭാഷകനായ സൈഫുൾ ഇസ്ലാം കോടതിയെ സമീപിച്ചിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹം.
ഇസ്കോണിനെതിരേ അദ്ദേഹം ചില പത്രറിപ്പോർട്ടുകൾ കോടതിക്കു കൈമാറിയിരുന്നു. ഇതേത്തുടർന്നായിരുന്നു കൊലപാതകം. ഇസ്കോണിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചു സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കോടതി അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ കോടതി സമ്മേളിച്ചയുടൻ ജസ്റ്റീസ് ഫാറാ മഹബൂബ്, ജസ്റ്റീസ് ദേബാശിഷ് റോയ് ചൗധരി എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പാകെ അറ്റോർണി ജനറലിന്റെ ഓഫീസ് വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു. അഭിഭാഷകൻ സെയ്ഫുൾ ഇസ്ലാമിന്റെ മരണവുമായി ബന്ധപ്പെട്ടു മൂന്നു കേസുകൾ രജിസ്റ്റർ ചെയ്യുകയും 33 പേരെ അറസ്റ്റ് ചെയ്തതായും എജി ഓഫീസ് കോടതിയെ അറിയിച്ചു.
ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ
ഹിന്ദുനേതാവായ കൃഷ്ണദാസിന്റെ അറസ്റ്റിലും ജാമ്യം നിഷേധിക്കലിലും ഇന്ത്യ ഉത്കണ്ഠ രേഖപ്പെടുത്തി. ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതിനിടെ, ഇസ്കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ചില സുപ്രീംകോടതി അഭിഭാഷകർ ബംഗ്ലാദേശ് സർക്കാരിനു നോട്ടീസയച്ചു.
അഡ്വ. ഇസ്ലാമിന്റെ കൊലാപാതകത്തിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അൽ മാമൂൻ റസലിന്റെ നേതൃത്വത്തിൽ പത്ത് അഭിഭാഷകർ സർക്കാരിനോട് ആവശ്യപ്പെട്ടു.
സാമുദായിക സംഘർഷമുണ്ടാക്കുന്നതിനായി ഇസ്കോൺ തീവ്രവാദ പ്രവർത്തനം നടത്തുന്നതായും അവർ നോട്ടീസിൽ ആരോപിച്ചു. ആഭ്യന്തര, നിയമ മന്ത്രാലയങ്ങൾക്കാണു നോട്ടീസ് നല്‍കിയിരിക്കുന്നത്.
സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കാന്‍ നേരത്തെ ഇസ്കോൺ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദാസിന്റെ അറസ്റ്റിൽ സംഘടന ഉത്കണ്ഠയും രേഖപ്പെടുത്തിയിരുന്നു.
ബംഗ്ലാദേശ് സമ്മിലിത സനാതനി ജഗരൺ ജോഡിന്റെ വക്താവായ ദാസ് തിങ്കളാഴ്ച ധാക്കയിലെ ഹസ്രത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അറസ്റ്റിലായത്. ഒരു റാലിയിൽ പങ്കെടുക്കാനായി ചത്തോഗ്രാമിലേക്കു പോകുംവഴിയായിരുന്നു അറസ്റ്റ്.