പോലീസ് നടപടിയെക്കുറിച്ച് അന്വേഷിച്ച പാക് മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി തീവ്രവാദക്കുറ്റം ചുമത്തി
Friday, November 29, 2024 1:30 AM IST
ഇസ്ലാമാബാദ്: ഇമ്രാൻ അനുകൂലികളുടെ പ്രക്ഷോഭത്തിനു നേർക്കുള്ള സർക്കാർ നടപടിയിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് അന്വേഷണം ആരംഭിച്ച പാക്കിസ്ഥാൻ മാധ്യമപ്രവർത്തകൻ മതിയുള്ള ജാനിനെ അറസ്റ്റ് ചെയ്ത് തീവ്രവാദക്കുറ്റം ചുമത്തി.
പ്രക്ഷോഭകർക്കു നേരേ പോലീസ് വെടിയുണ്ട പ്രയോഗിച്ചിട്ടില്ലെന്നും പ്രക്ഷോഭകർ കൊല്ലപ്പെട്ടിട്ടില്ലെന്നുമുള്ള സർക്കാർ വാദത്തെ ചോദ്യംചെയ്യുന്ന ടിവി പരിപാടി അവതരിപ്പിച്ച മതിയുള്ളയെയും സഹപ്രവർത്തകനായ സാദിഖ് ബഷീറിനെയും മണിക്കൂറുകൾക്കുശേഷം കറുത്ത യൂണിഫോം ധരിച്ചവർ കാറിൽ തട്ടിക്കൊണ്ടുപോകുയായിരുന്നു. ബഷീറിനെ വഴിയിൽ ഉപേക്ഷിച്ചു.
പോലീസ് ലോക്കപ്പിലുള്ള മതിയുള്ളയെ സന്ദർശിക്കാൻ ബന്ധുകളെ ഇന്നലെ രാവിലെ അനുവദിച്ചു.
മയക്കുമരുന്നുകടത്തൽ, പോലീസിനെ ആക്രമിക്കൽ എന്നീ കുറ്റങ്ങളും മതിയുള്ളയ്ക്കെതിരേ ചുമത്തിയതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അടിച്ചമർത്താൻ പോലീസെടുത്ത നടപടികളിൽ എട്ടുമുതൽ 40 വരെ പേർ കൊല്ലപ്പട്ടതായി തെഹ്രിക് ഇ ഇൻസാഫ് പാർട്ടി നേതൃത്വം പറഞ്ഞു.
പാക് രാഷ്ട്രീയത്തിൽ പട്ടാളം ചെലുത്തുന്ന സ്വാധീനത്തെ വിമർശിക്കുന്ന മാധ്യമപ്രവർത്തകനാണ് മതിയുള്ള.
2020ൽ ഇമ്രാൻ ഭരിച്ച സമയത്ത് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി 12 മണിക്കൂർ തടങ്കലിൽവച്ചിരുന്നു.